നോര്‍ത്ത് ഫീല്‍ഡ് സൗത്ത് വിപുലീകരണ പദ്ധതിക്കായി ഖത്തര്‍ എനര്‍ജി ടോട്ടല്‍ എനര്‍ജീസുമായി കരാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: എനര്‍ജി ഉല്‍പാദന രംഗത്തെ ഖത്തറിന്റെ സ്വപ്‌ന പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് സൗത്ത് (എന്‍എഫ്എസ്) വിപുലീകരണ പദ്ധതിയുടെ ആദ്യ അന്താരാഷ്ട്ര പങ്കാളിയായി ടോട്ടല്‍ എനര്‍ജിസിനെ തിരഞ്ഞെടുത്തതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.
പ്രതിവര്‍ഷം 16 ദശലക്ഷം ടണ്‍ സംയോജിത ശേഷിയുള്ള 2 എല്‍എന്‍ജി മെഗാ ട്രെയിനുകള്‍ ഉള്‍ക്കൊള്ളുന്ന എന്‍എഫ്എസ് പദ്ധതി ഖത്തറിന്റെ മൊത്തം എല്‍എന്‍ജി കയറ്റുമതി ശേഷി 126 എംടിപിഎ ആയി ഉയര്‍ത്തും.
ദോഹയിലെ ഖത്തര്‍ എനര്‍ജി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ സഅദ് ഷെരീദ അല്‍-കഅബിയും ബോര്‍ഡ് ചെയര്‍മാനും ടോട്ടല്‍ എനര്‍ജി സിഇഒയുമായ പാട്രിക് പൂയാനെയും പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. ഇരു കമ്പനികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
കരാര്‍ അനുസരിച്ച് ടോട്ടല്‍ എനര്‍ജിസിന് പ്രോജക്റ്റില്‍ 9.375% പങ്കുണ്ടാകും. അന്താരാഷ്ട്ര പങ്കാളികള്‍ക്കായി മൊത്തം 25% പങ്കാണ് നല്‍കുക. ഖത്തര്‍ എനര്‍ജി 75% പങ്ക് നിലനിര്‍ത്തും.
ഗുരുതരവും യാഥാര്‍ത്ഥ്യവുമായ ഊര്‍ജ പരിവര്‍ത്തനത്തിനുള്ള നട്ടെല്ല് എല്‍എന്‍ജിയാണ് ശുദ്ധമായ ഊര്‍ജത്തിനുള്ള ആഗോള ആവശ്യം നിറവേറ്റാനാണ് ഖത്തര്‍ എനര്‍ജി മുന്നോട്ട് പോകുന്നത്. ഖത്തര്‍ എനര്‍ജിയുടെ സുസ്ഥിരതയുടെയും ഊര്‍ജ പരിവര്‍ത്തന തന്ത്രത്തിന്റെയും പ്രധാന സ്തംഭമായ ഊര്‍ജ ഉല്‍പന്നങ്ങളുടെ കാര്‍ബണ്‍ തീവ്രത കുറയ്ക്കുന്നതിന് കാര്യമായ നിക്ഷേപം നടത്തിയാണ് ഖത്തര്‍ എനര്‍ജി മുന്നോട്ടുപോകുന്നത്.
എന്‍.എഫ്.എസ്, നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് വിപുലീകരണ പദ്ധതികള്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് ഫീല്‍ഡ് എക്‌സ്പാന്‍ഷന്‍ പ്രോജക്ട്, വ്യവസായത്തിലെ എക്കാലത്തെയും വലിയ എല്‍എന്‍ജി പ്രോജക്റ്റാണ്. ഇത് 2026-ല്‍ ഉല്‍പ്പാദനം ആരംഭിക്കുകയും ലോകത്തിന്റെ എല്‍എന്‍ജി വിതരണത്തിലേക്ക് പ്രതിവര്‍ഷം 48 മെട്രിക് ടണില്‍ കൂടുതല്‍ ചേര്‍ക്കുകയും ചെയ്യും. 32 മെട്രിക് സംയോജിത ശേഷിയുള്ള 4 മെഗാ എല്‍എന്‍ജി ട്രെയിനുകള്‍ ഉള്‍ക്കൊള്ളുന്ന നോര്‍ത്ത് ഫീല്‍ഡ് വിപുലീകരണ പ്രോജക്റ്റ് ഉള്‍ക്കൊള്ളുന്ന അഞ്ച് പങ്കാളിത്ത കരാറുകള്‍ ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഒപ്പുവെച്ചിരുന്നു.