ഖത്തറിന് ലോകകപ്പ് സമ്മാനമായി രണ്ട് ഭീമന്‍ ചൈനീസ് പാണ്ടകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ:ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് സമ്മാനമായി ചൈനയില്‍ നിന്നും രണ്ട് പാണ്ടകള്‍ അടുത്തമാസം ദോഹയിലെത്തും. ജയന്റ് പാണ്ടകളുടെ നാടായ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള രണ്ട് ഭീമന്‍ പാണ്ടകളാണ് ചൈനീസ് ഗവണ്മെന്റ് ഖത്തറിന് സമ്മാനമായി നല്‍കുന്നത്.
സുഹൈല്‍, സുരയ്യ എന്നീ പേരുകള്‍ നല്‍കിയ പാണ്ടകള്‍ ഒക്ടോബറില്‍ ദോഹയില്‍ എത്തുമെന്ന് ഖത്തറിലെ ചൈനീസ് അംബാസിഡര്‍ ഷു ജിയാന്‍ പറഞ്ഞു. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന്റെ 73-ാം വാര്‍ഷികത്തോടനുബന്ധിച്ച് ദോഹയില്‍ നടന്ന സ്വീകരണ പരിപാടിയിലാണ് അംബാസഡര്‍ ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ലോകകപ്പിനായി 1.4 ബില്യണ്‍ ചൈനക്കാര്‍ സമ്മാനിച്ച സമ്മാനമാണിത്. ഇത് തീര്‍ച്ചയായും ചൈന-ഖത്തര്‍ സൗഹൃദത്തിന്റെ പുതിയ പ്രതീകമായി മാറുമെന്നും അംബാസിഡര്‍ പറഞ്ഞു.
സുഹൈല്‍’, ‘തുറയ’ എന്നീ പേരുള്ള രണ്ട് പാണ്ടകളെയാണ് ഖത്തറിന് സമ്മാനിക്കുക. ഗള്‍ഫ് മേഖലയില്‍ ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നാണ് സുഹൈല്‍, അതേസമയം പ്ലീയാഡ്‌സ് നക്ഷത്രസമൂഹത്തിന്റെ അറബി നാമമാണ് തുറയ.
ഖത്തറില്‍ നടക്കുന്ന ഫിഫ 2022 വേള്‍ഡ് കപ്പില്‍ മത്സരിക്കാന്‍ ചൈന യോഗ്യത നേടിയിട്ടില്ലെങ്കിലും ഖത്തറിലെ നിരവധി വന്‍ പദ്ധതികളില്‍ ചൈനീസ് കമ്പനികളുടെ സാന്നിധ്യമുണ്ട്.
ഉരുണ്ട ശരീരമുള്ള, ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള കരടി വര്‍ഗ്ഗത്തില്‍ പെട്ട ജീവിയാണ് പാണ്ട. ചൈനയില്‍ മാത്രം കണ്ടുവരുന്ന ഈ അപൂര്‍വ ജീവി ലോകത്തിന്റെ പല മൃഗശാലകളിലെയും മുഖ്യ ആകര്‍ഷണമാണ്. ഖത്തറില്‍ അല്‍ ഖോര്‍ പാര്‍ക്കിലാണ് ഈ പാണ്ടകള്‍ക്ക് വാസമൊരുക്കുകയെന്നാണ് അറിയുന്നത്.
പാണ്ടയെ അപൂര്‍വമായാണ് ചൈനീസ് ഗവണ്മെന്റ് മറ്റു രാജ്യങ്ങള്‍ക്ക് സമ്മാനമായി നല്‍കാറുള്ളത്. പാണ്ട ഡിപ്ലോമസി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കാറുള്ളത്.