ഖത്തറിലെ നഗരങ്ങളെ ‘ആരോഗ്യ നഗരങ്ങള്‍’ ആയി ആദരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ നഗരങ്ങളെ ‘ആരോഗ്യ നഗരങ്ങള്‍’ ആയി ആദരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി പങ്കെടുത്തു.
ഷെറാട്ടണ്‍ ദോഹ ഹോട്ടലിലാണ് ഖത്തറിലെ എല്ലാ മുനിസിപ്പാലിറ്റികളും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യകരമായ നഗരങ്ങള്‍ എന്ന ആദരം ഏറ്റുവാങ്ങിയത്.
ചടങ്ങില്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയും ഖത്തര്‍ എജ്യുക്കേഷന്‍ സിറ്റിയും ലോകാരോഗ്യ സംഘടനയില്‍ നിന്ന് ‘ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സിറ്റി’ എന്ന പദവിയും സ്വീകരിച്ചു. 2018-2022 ലെ ദേശീയ ആരോഗ്യ തന്ത്ര പദ്ധതികളുടെ ഫലങ്ങളിലൊന്നാണ് ഈ പുരസ്‌കാരം.
പൊതുജനാരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, ലോകാരോഗ്യ സംഘടന, ഖത്തര്‍ സര്‍വകലാശാല, ജനറേഷന്‍ അമേസിംഗ് എന്നിവയുടെ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ ആരോഗ്യ നഗരങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി ഫിലിം പ്രദര്‍ശിപ്പിച്ചു.
ചടങ്ങിന് ശേഷം, ഒരു ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമായി, ഖത്തറിലെ ആദ്യത്തെ ആരോഗ്യകരമായ നഗരങ്ങളുടെ വൃക്ഷത്തൈ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നട്ടു.
ചടങ്ങില്‍ നിരവധി ശൈഖുമാരും മന്ത്രിമാരും സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.