അബു സംറ ബോര്‍ഡര്‍ ക്രോസിംഗ് പ്രോജക്ടില്‍ പ്രധാനമന്ത്രിയുടെ പരിശോധന
അമാനുല്ല വടക്കാങ്ങര
ദോഹ. ആഭ്യന്തര മന്ത്രാലയത്തിലെ അബു സംറ ബോര്‍ഡര്‍ പോര്‍ട്ട് മാനേജ്മെന്റിനായുള്ള സ്ഥിരം സമിതിയുമായി സഹകരിച്ച് പൊതുമരാമത്ത് അതോറിറ്റി ‘അശ്ഗാല്‍’ നടപ്പാക്കുന്ന അബു സമ്ര ബോര്‍ഡര്‍ ക്രോസിംഗ് പ്രോജക്ടില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി പരിശോധന നടത്തി. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആരംഭിക്കുന്നതിന് മുമ്പായി ബോര്‍ഡറിന്റെ ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്.
ബോര്‍ഡറിലെ പാസഞ്ചര്‍ വാഹന സര്‍വീസ് പാതകളുടെ എണ്ണം 9ല്‍ നിന്ന് 24 ആയി വര്‍ധിപ്പിച്ച് ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ വളരെ വേഗം സേവനം നല്‍കാനാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി പ്രസിഡന്റ് സഅദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി പറഞ്ഞു.
അബു സംറ ബോര്‍ഡര്‍ ക്രോസിംഗിന്റെ വികസനം 2022 ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്ക് മാത്രമല്ല, ഖത്തറിന്റെ വാണിജ്യ, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയര്‍മാന്‍ അഹമ്മദ് അബ്ദുല്ല അല്‍ ജമാല്‍ പറഞ്ഞു. ലാന്‍ഡ് ബോര്‍ഡര്‍ വഴി രാജ്യത്തേക്കുള്ള ചരക്കുകളുടെയും സാമഗ്രികളുടെയും ആളുകളുടെയും സഞ്ചാരം സുഗമമാക്കുന്നതിലൂടെ വലിയ വളര്‍ച്ചസാധ്യതയാണ് കാണുന്നത്.