അല്‍ ഖര്‍സ സോളാര്‍ പവര്‍ പ്ലാന്റ് അമീര്‍ ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ സോളാര്‍ സ്വപ്‌ന പദ്ധതിയായ അല്‍ ഖര്‍സ സോളാര്‍ പവര്‍ പ്ലാന്റ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍, 10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതും 1,800,000 സോളാര്‍ പാനലുകള്‍ ഉള്‍ക്കൊള്ളുന്നതുമായ പ്ലാന്റിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ഫിലിം പ്രദര്‍ശിപ്പിച്ചു.പ്ലാന്റിന്റെ പുരോഗതിയുടെ ഘട്ടങ്ങളും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയുടെ 10% നിറവേറ്റുന്നതില്‍ അതിന്റെ പങ്ക്, പ്ലാന്റിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, റോബോട്ടുകളുടെ ഉപയോഗം എന്നിവയും സിനിമ അടയാളപ്പെടുത്തി.
ഉദ്ഘാടനത്തിനു ശേഷം, പ്ലാന്റിന്റെ പ്രധാന കണ്‍ട്രോള്‍ റൂമില്‍ അമീര്‍ പര്യടനം നടത്തി. ഊര്‍ജ വിതരണത്തിന്റെ പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ഖത്തര്‍ എനര്‍ജിയുടെ സുസ്ഥിരതയ്ക്കുള്ള തന്ത്രപരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സോളാര്‍ പവര്‍ പ്ലാന്റിന്റെ പങ്കിനെ കുറിച്ചും ബന്ധപ്പെട്ടവര്‍ അമീറിന് വിശദീകരിച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.