ഫിഫ 2022 ലോകകപ്പിനായി സ്‌പെയിനില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട സാന്റിയാഗോ സാഞ്ചസ് കോഗെഡോറിനെക്കുറിച്ച് വിവരമില്ലെന്ന് ആരാധകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പിനായി സ്‌പെയിനില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട സാന്റിയാഗോ സാഞ്ചസ് കോഗെഡോറിനെക്കുറിച്ച് വിവരമില്ലെന്ന് ആരാധകര്‍ . നവംബര്‍ 20 ന് നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് കൃത്യസമയത്ത് ഖത്തറിലെത്തുമെന്ന് പ്രതീക്ഷിച്ച് ഈ വര്‍ഷം ജനുവരിയില്‍ മാഡ്രിഡില്‍ നിന്ന് ദോഹയിലേക്ക് തന്റെ ഇതിഹാസ നടത്തം ആരംഭിച്ച സ്പാനിഷ് പൗരനായ സാന്റിയാഗോ സാഞ്ചസ് കോഗെഡോറിനെക്കുറിച്ച് ഒക്ടോബര്‍ 2 മുതല്‍ യാതൊരുവിവരവുമില്ലെന്നാണ് റിപ്പോര്‍ട്ട്.
യാത്രയുടെ ഓരോ ഘട്ടത്തിലും വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചുിരുന്ന കൊഗെഡോറിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇന്‍സ്റ്റാഗ്രാമിലെ ആയിരക്കണക്കിന് ഫോളോവേഴ്സും ഒക്ടോബര്‍ 2 മുതല്‍ അദ്ദേഹത്തില്‍ നിന്നും ഒന്നും കേട്ടിട്ടില്ല.
വടക്കന്‍ ഇറാഖിലെ ഗ്രാമത്തില്‍ നിന്ന് ഒക്ടോബര്‍ 1 ന് തന്റെ അവസാന പോസ്റ്റില്‍, പ്രാദേശിക കുട്ടികളുമായി ഫുട്‌ബോള്‍ കളിച്ചതിന്റെയും ഒരു കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതിന്റെയും ചിത്രങ്ങള്‍ അദ്ദേഹം പങ്കിട്ടിരുന്നു. ഇറാനുമായുള്ള ഇറാഖി കുര്‍ദിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള തന്റെ ചിത്രമാണ് അദ്ദേഹം അവസാനമായി പങ്കുവെച്ചത്. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ യാതൊരു അപ്‌ഡേഷനുകളുമില്ലാത്തതാണ് ആരാധകരെ പരിഭ്രാന്തരാക്കുന്നത്.
ജനുവരി 8 നാണ് അല്‍കാല ഡി ഹെനാറസില്‍ നിന്ന് ഖത്തറിലേക്ക് കാല്‍നടയായി കോഗഡോര്‍ തന്റെ യാത്ര ആരംഭിച്ചത്. അന്നുമുതല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും പതിവ് അപ്ഡേറ്റുകള്‍ പങ്കിട്ടു. എന്നാല്‍ കഴിഞ്ഞ 20 ദിവസങ്ങളായി യാതൊരു അപ്‌ഡേറ്റുകളുമില്ല.