ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ അവിസ്മരണീയമാകും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ടൂറിസം ആതിഥേയത്വം വഹിക്കുന്ന ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നവംബര്‍ നാലിന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവിസ്മരണീയമാകുമെന്ന് സംഘാടകര്‍.
‘ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിലേക്കുള്ള യാത്രയുടെ ഭാഗമായ വലിയ സംഗീതോത്സവം, സ്‌റ്റേഡിയം സൗകര്യങ്ങള്‍ പരീക്ഷിക്കുന്നതിനും ജനങ്ങള്‍ക്ക് സ്റ്റേഡിയവുമായി പരിചയപ്പെടാനുള്ള അവസരമാകും.
ഖത്തര്‍ ടൂറിസം ആതിഥേയത്വം വഹിക്കുന്ന ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവല്‍ നവംബര്‍ 3 മുതല്‍ 5 വരെ രാജ്യത്തിന്റെ ഏറ്റവും പുതിയ നാഴികക്കല്ലായതും കാല്‍നട സൗഹൃദവുമായ പാതയായ ലുസൈല്‍ ബൊളിവാര്‍ഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്നത്. ഈ കുടുംബ സൗഹൃദ ഉത്സവം ലുസൈല്‍ നഗരത്തിന്റെ ആഘോഷമായി മാറുമെന്ന് ഖത്തര്‍ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെര്‍ത്തോള്‍ഡ് ട്രെങ്കല്‍ പറഞ്ഞു.
പ്രശസ്ത ഇന്ത്യന്‍ പിന്നണി ഗായിക സുനിധി ചൗഹാന്‍, ഖവ്വാലി, ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ എക്സ്പോണന്റ് റാഹത് ഫതഹ് അലി ഖാന്‍, ‘സലിം-സുലൈമാന്‍’ എന്നറിയപ്പെടുന്ന സലിം-സുലൈമാന്‍ മര്‍ച്ചന്റ് എന്നീ സംഗീതസംവിധായക ജോഡികള്‍ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലില്‍ അവതരിപ്പിക്കും.
ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. വൈകുന്നേരം 5.30 മുതല്‍ പെര്‍ഫെക്റ്റ് അമാല്‍ഗമേഷന്റെ പ്രീ-കച്ചേരി വിനോദത്തോടെയാണ് പരിപാടിയാരംഭിക്കക. വൈകുന്നേരം 7 മണിക്കാണ് ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ . എല്ലാ എന്‍ട്രി ടിക്കറ്റുകളും ഡിജിറ്റല്‍ ആയിരിക്കും കൂടാതെ ഹയ്യ കാര്‍ഡ് ഉള്ള ടിക്കറ്റ് ഉടമകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. നവംബര്‍ 1 മുതല്‍ എല്ലാ ഹയ്യ കാര്‍ഡുകളും സജീവമാക്കും.
നവംബര്‍ 4-ന്, ദോഹ മെട്രോ സാധാരണ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മണിക്ക് പകരം ഉച്ചയ്ക്ക് 1 മണി മുതല്‍ തന്നെ സര്‍വീസ് ആരംഭിക്കും. മെട്രോ സ്റ്റേഷനില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് ഏകദേശം അഞ്ച് മിനിറ്റ് നടക്കണം. വൈകുന്നേരം 4 മണി മുതല്‍ ഗേറ്റുകള്‍ തുറക്കും.