ഖത്തര്‍ 2022 പരാമര്‍ശങ്ങളില്‍ ഖത്തര്‍ വിദേശകാര്യമന്ത്രാലയം ജര്‍മ്മന്‍ അംബാസഡറെ വിളിച്ചുവരുത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പിന് ഖത്തറിന്റെ ആതിഥേയത്വം സംബന്ധിച്ച് ജര്‍മന്‍ ഫെഡറല്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിരസിച്ചും അപലപിച്ചും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ജര്‍മന്‍ സ്ഥാനപതി
ഡോ ക്ലോഡിയസ് ഫിഷ്ബാക്കിനെ വിളിച്ചുവരുത്തി വിശദീകരണം തേടി.
ജര്‍മന്‍ ഫെഡറല്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍
പതിറ്റാണ്ടുകളായി അന്യായമായി നീതി നിഷേധിക്കപ്പെട്ട ഒരു മേഖലക്ക് ലഭിച്ച കേവല നീതി മാത്രമായിരുന്നു ലോക കപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തറിന് അവസരം ലഭിച്ചതെന്നും ജര്‍മന്‍ മന്ത്രിയുടെ പരാമര്‍ശങ്ങളെ ഖത്തര്‍ പൂര്‍ണ്ണമായും നിരസിക്കുന്നതായും അംബാസിഡര്‍ക്ക് കൈമാറിയ മെമ്മോയില്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
മേഖലയുടെ നാഗരികതയും പൈതൃകവും ലോകത്തിന് കാണിച്ചുകൊടുക്കുന്നതിന് ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പുകളിലൊന്ന് സംഘടിപ്പിക്കാന്‍ ഖത്തര്‍ തീരുമാനിച്ചതായും മെമ്മോ ഊന്നിപ്പറഞ്ഞു.
അടുത്തയാഴ്ച ദോഹയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദര്‍ശനത്തിന് മുന്നോടിയായി മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ നയതന്ത്ര മാനദണ്ഡങ്ങള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും എതിരാണെന്ന് മെമ്മോ എടുത്തുകാണിക്കുന്നു. ഖത്തറും ജര്‍മ്മനിയും തമ്മിലുള്ള എല്ലാ മേഖലകളിലെയും വേറിട്ട ബന്ധത്തിന്റെ വെളിച്ചത്തില്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ് ജര്‍മന്‍ മന്ത്രിയുടെ പ്രസ്താവനകള്‍.
തൊഴില്‍ മേഖലയില്‍ ഖത്തര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ ലോകത്തെ പ്രമുഖ മനുഷ്യാവകാശ ഗ്രൂപ്പുകളും യുഎന്‍ ഏജന്‍സികളും പ്രശംസിച്ചവയാണെന്നും അവ ഫലപ്രദവും ദീര്‍ഘകാലത്തേക്കുള്ളവയുമാണ്. വര്‍ഷങ്ങളുടെ ആസൂത്രണത്തിന്റെയും പഠനങ്ങളുടെയും ഫലമാണ് ഈ പരിഷ്‌കാരങ്ങളെന്ന് മെമ്മോ സൂചിപ്പിച്ചു. പരിഷ്‌കാരങ്ങളില്‍ നിരവധി തൊഴില്‍ നിയമങ്ങളും അവയുമായി ബന്ധപ്പെട്ട സമ്പ്രദായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കുറിപ്പില്‍ എടുത്തുകാട്ടി.
ജര്‍മ്മന്‍ ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം ഖത്തറി ജനതയ്ക്ക് സ്വീകാര്യമല്ലാത്തതും പ്രകോപനപരവുമാണെന്ന് ഉപപ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. മറ്റ് രാജ്യങ്ങളുമായുള്ള അവരുടെ ബന്ധത്തിന്റെ ചെലവില്‍ പ്രാദേശികമായി രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള ശ്രമമാണിത്.
ഖത്തറിലെ ജര്‍മന്‍ സ്ഥാനപതി ഡോ ക്ലോഡിയസ് ഫിഷ്ബാക്ക് വിദേശകാര്യ മന്ത്രാലയത്തില്‍
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഖത്തര്‍ നേടിയതിനുശേഷം, മറ്റൊരു ആതിഥേയ രാജ്യവും ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത അഭൂതപൂര്‍വമായ കുപ്രചരണങ്ങള്‍ക്കാണ് ഖത്തര്‍ വിധേയമായത്. അപവാദങ്ങളും ഇരട്ടത്താപ്പുകളും ഉള്‍പ്പെടുത്തി പ്രചാരണം തുടരുകയും വിപുലീകരിക്കുകയും ചെയ്തുവെന്നും ഖത്തര്‍ അതിന്റെ വികസന പ്രക്രിയയില്‍ തുടരുകയും അന്താരാഷ്ട്ര നിലപാട് ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അത്തരം പ്രചാരണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് വേളയില്‍ പരസ്പര ബഹുമാനത്തിന്റെ ചട്ടക്കൂടില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പരിഷ്‌കൃത ആശയവിനിമയത്തിനും ധാരണ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു കേന്ദ്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഖത്തറെന്ന് അദ്ദേഹം വ്യക്തമാക്കി .