ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ആസ്ഥാനം അമീര്‍ സന്ദര്‍ശിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന് വിസിലുയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ആസ്ഥാനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സന്ദര്‍ശിച്ചു. അല്‍ ഗസാര്‍ ഏരിയയിലെ ദോഹ എക്സിബിഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കമാന്‍ഡ് സെന്ററാണ് അമീര്‍ സന്ദര്‍ശിച്ചത്.
ഫിഫയുടെ മെയിന്‍ ഓപ്പറേഷന്‍സ് സെന്റര്‍, ആതിഥേയ രാജ്യമായ മെയിന്‍ ഓപ്പറേഷന്‍സ് കമാന്‍ഡ് സെന്റര്‍, ഏകോപനത്തിലും തുടര്‍നടപടികളിലും ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതിന് ആഗോള കായിക ഇവന്റിനായി സ്വീകരിച്ച തയ്യാറെടുപ്പുകളും നടപടികളും അമീര്‍ വിലയിരുത്തി.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി), ഫിഫ എന്നിവയില്‍ നിന്നുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അമീര്‍ കൂടിക്കാഴ്ച നടത്തി.
സന്ദര്‍ശന വേളയില്‍, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ എന്നിവരും അമീറിനൊപ്പം ഉണ്ടായിരുന്നു. നിരവധി ശൈഖുമാരും മന്ത്രിമാരും ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അമീറിനെ അനുഗമിച്ചു.