അല്‍ ഖോറിലെ പാണ്ട ഹൗസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ ഖോറിലെ പാണ്ട ഹൗസ് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ഉദ്ഘാടനം ചെയ്തു. ലോക കപ്പിന് ആതിഥ്യമരുളുന്ന ഖത്തറിനുളള സമ്മാനമായി ചൈന നല്‍കിയ രണ്ട് പാണ്ടകളെ താമസിപ്പിക്കുന്ന പാര്‍ക്കാണ് പാണ്ട ഹൗസ്.
രാജ്യം ഫിഫ 2022 ലോകകപ്പിന് ആതിഥ്യമരുളുന്ന സമയത്ത് എത്തുന്ന അതിഥികളെ സ്വാഗതം ചെയ്യാന്‍ ലഭ്യമായ എല്ലാ സേവന സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചറിഞ്ഞു.
ഊര്‍ജവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ക്കുപുറമെ, ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന് (ജിഎസ്എഎസ്) അനുസൃതമായി, സുസ്ഥിരതയെക്കുറിച്ചും പാണ്ടകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന സാങ്കേതികവിദ്യയെക്കുറിച്ചും ബന്ധപ്പെട്ടവര്‍ പ്രധാന മന്ത്രിക്ക് വിശദീകരണം നല്‍കി.
ഖത്തറിലെ ചൈന അംബാസഡര്‍,മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെയും പൊതുമരാമത്ത് അതോറിറ്റിയിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ഉദ്ഘാടനത്തില്‍ സംബന്ധിച്ചു.