ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ‘വേള്‍ഡ് കപ്പ് മ്യൂസിക് ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര ഇന്ന് കോര്‍ണിഷില്‍ ‘വേള്‍ഡ് കപ്പ് മ്യൂസിക്’ എന്ന് പേരിട്ടിരിക്കുന്ന രണ്ട് പ്രകടനങ്ങള്‍ അവതരിപ്പിക്കും. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസിയുടെ സഹകരണത്തോടെ നടത്തുന്ന ഈ സവിശേഷ ഔട്ട്ഡോര്‍ കച്ചേരി രാത്രി 7:30 മുതല്‍ 8:30 വരെയും രാത്രി 9:30 മുതല്‍ 10:30 വരെയും രണ്ട് സെഗ്മെന്റുകളായി വിഭജിക്കും.
ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ സംഗീതജ്ഞര്‍ ഷക്കീറയുടെ ‘വക്കാ വക ദിസ് ടൈം ഫോര്‍ ആഫ്രിക്ക, ക്വീന്‍സ് , വീ ആര് ദ ചാമ്പ്യന്‍സ്’, ‘ഹയ്യ ഹയ്യ (ബെറ്റര്‍ ടുഗെദര്‍)’ തുടങ്ങി ഫുട്ബോളിലെ ഏറ്റവും മികച്ച ഹിറ്റുകളുടെ ഒരു നിര അവതരിപ്പിക്കും:
ഈ ആഘോഷങ്ങളിലൂടെ ഖത്തര്‍ ഫൗണ്ടേഷന് ഫോര്‍ എജ്യുക്കേഷന്‍, സയന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അംഗമായ ഓര്‍ക്കസ്ട്ര, ഖത്തറിന്റെ ചരിത്രവും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനും അറബ് മേഖലയുമായുള്ള
സാമൂഹിക പങ്കാളിത്തം വളര്‍ത്തുന്നതും ലക്ഷ്യം വെക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കി.
ഇന്നത്തെ സംഗീതകച്ചേരിക്ക് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കണ്ടക്ടര്‍ ജോഹന്നാസ് വോഗല്‍ നേതൃത്വം നല്‍കും. ശാസ്ത്രീയ സംഗീത മാസ്റ്റര്പീസുകളോടുള്ള അദ്ദേഹത്തിന്റെ തകര്‍പ്പന്‍ സമീപനത്തിന് ലോകമെമ്പാടുമുള്ള അഭിനന്ദനങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സിനിമ, ടെലിവിഷന്‍ എന്നിവയുടെ നിര്‍മ്മാതാവും സംഗീതസംവിധായകനുമാണ് വോഗല്‍.
ദോഹയിലെ കോര്‍ണിഷില്‍ – സെന്‍ട്രല്‍ സ്റ്റേജില്‍, ദി എന്‍ഇഡി ഹോട്ടലിനും അല്‍ ബിദ്ദ അണ്ടര്‍പാസിന് സമീപവുമാണ് പ്രകടനം.
ഇന്നത്തെ പ്രകടനം ഉള്‍പ്പെടെ ദോഹയിലുടനീളം ഓര്‍ക്കസ്ട്ര ഓപ്പണ്‍ എയര്‍ കച്ചേരികള്‍ അവതരിപ്പിക്കുമെന്ന് ക്യുപിഒ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കുര്‍ട്ട് മെയ്സ്റ്റര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന ഫുട്ബോള്‍ ഗാനങ്ങള്‍, ഗള്‍ഫ് നാടോടി സംഗീതം, അറബ് പ്രമേയ സംഗീതം, കൂടാതെ ഫില്‍ഹാര്‍മോണിക് സംഗീതം ചിട്ടപ്പെടുത്തിയ കോമ്പോസിഷനുകളും കച്ചേരികളുടെ തീമുകളില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ‘വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തമായ പാട്ടുകള്‍ക്കും ഏറ്റവും പ്രശസ്തമായ ഫുട്ബോള്‍ ഗാനങ്ങള്‍ക്കും ഞങ്ങള്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.”ഓര്ക്കസ്ട്രേഷന് ശൈലിയിലുള്ള പരമ്പരാഗത നാടോടി സംഗീതം’ ആസ്വദിക്കാനും അനുഭവിക്കാനും ആരാധകര്‍ക്കും അതിഥികള്‍ക്കും അവസരം നല്‍കുന്നതിന് വേണ്ടിയാണിത്.