ഖത്തര്‍ ലോകത്തിന് നല്‍കിയത് സംവാദങ്ങളുടെ സംസ്കാരം
അമാനുല്ല വടക്കാങ്ങര
ദോഹ: നാഗരികതകളുടെ സംഘട്ടനം എന്നതില്‍ നിന്ന് വ്യത്യസ്തമായി നാഗരികതകള്‍ തമ്മിലുള്ള സംവാദ സംസ്കാരം ലോകത്തിന് കാണിച്ചുകൊടുത്തു എന്നതാണ് ഖത്തര്‍ ലോകകപ്പിലൂടെ സാധ്യമായതെന്ന് പ്രബോധനം വാരിക ചീഫ് സബ് എഡിറ്ററും പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനുമായ സദ്റുദ്ദീന്‍ വാഴക്കാട് വ്യക്തമാക്കി. കളിയാരവങ്ങള്‍ക്കിടയിലെ സാമൂഹിക വിചാരം എന്ന തലക്കെട്ടില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സിഐസി) ഖത്തര്‍ തുമാമ സോണ്‍ സംഘടിപ്പിച്ച സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഖത്തര്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളിയായ ഫ്രിലാന്‍സ് സ്പോര്‍ട്സ് ജേണലിസ്റ്റ് ജുഷ്ന ഷെഹിന്, ഫ്രീസ്റ്റൈല്‍ ഫുട്ബോളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഹാദിയ ഹകീം എന്നിവരെ പരിപാടിയില്‍ ആദരിച്ചു.
സിഐസി തുമാമ സോണ്‍ ജനറല്‍ സെക്രട്ടറി അന്‍വര്‍ഷമീം, സി ഐ സി തുമാമ വനിതാവിഭാഗം പ്രസിഡണ്ട് റഹ്മത്ത് അബ്ദുല്‍ ലത്തീഫ് എന്നിവര്‍ മെമെന്റോ സമ്മാനിച്ചു. സദ്റുദ്ദീന്‍ വാഴക്കാടിനുളള മെമന്റോ പ്രസിഡണ്ട് ഹബീബുറഹ്മാന് കിഴിശേരി കൈമാറി. ജനറല്‍ സെക്രട്ടറി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നൗഫല്‍ വി. കെ നന്ദിയും പറഞ്ഞു. ഫാജിസ് ഖുര്‍ആന്‍ പാരായണം നടത്തി. റിഷാദ് കവിത ആലപിച്ചു.
ലോകകപ്പ് വളണ്ടിയര്‍ സേവനം നിര്‍വഹിച്ച പ്രവര്‍ത്തകരെ സംഗമത്തില്‍ അനുമോദിച്ചു. ബിലാല്‍ ഹരിപ്പാട്, റഷീദ് മമ്പാട്, നബീല്‍ ഓമശ്ശേരി, നാസര്‍ വേളം തുടങ്ങിയവര്‍ നേതൃത്വം നല്കി.