Uncategorized

300 ടണ്‍ വൈദ്യ സഹായവുമായി 3 ഖത്തര്‍ എയര്‍വേയ്‌സ് ചരക്കു വിമാനങ്ങള്‍ ഇന്ത്യയിലേക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് ഭീഷണി അതിരൂക്ഷമായി തുടരുന്ന ഇന്ത്യക്ക് ദുരിതാശ്വാസമായി ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയ 300 ടണ്‍ വൈദ്യസഹായങ്ങളുമായി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോയുടെ മൂന്ന് വിമാനങ്ങള്‍ ബെംഗളൂരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു.ഖത്തര്‍ എയര്‍വേസ് കാര്‍ഗോ ബോയിംഗ് 777 ചരക്കു വിമാനങ്ങളാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.

‘കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ സൃഷ്ടിച്ച ദുരന്തം വളരെ ദുഃഖത്തോടെയാണ് കാണുന്നതെന്നും ,ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ആഗോള ശ്രമത്തിന്റെ ഭാഗമാകണമെന്ന തിരിച്ചറിവാണ് ഈ ശ്രമത്തിന്റെ പിന്നിലെന്നും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു

”ലോകത്തിലെ പ്രമുഖ എയര്‍ കാര്‍ഗോ കാരിയര്‍ എന്ന നിലയില്‍, ആവശ്യമായ വൈദ്യസഹായങ്ങള്‍ എത്തിക്കുന്നതിന് വിമാനം ലഭ്യമാക്കുന്നതിലൂടെയും ലോജിസ്റ്റിക്കല്‍ ക്രമീകരണങ്ങളെ ഏകോപിപ്പിക്കുന്നതിലൂടെയും അടിയന്തിര മാനുഷിക സഹായം ലഭ്യമാക്കുവാന്‍ ഖത്തര്‍ എയര്‍വേയ്‌സിന് കഴിയും. ഇന്നത്തെ കയറ്റുമതിയും വരും ആഴ്ചകളില്‍ നടക്കാനിരിക്കുന്ന കൂടുതല്‍ കയറ്റുമതിയും ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭാരം ലഘൂകരിക്കാനും രോഗം ബാധിച്ച സമൂഹങ്ങള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അല്‍ ബാക്കര്‍ പറഞ്ഞു.

 

ഇന്ത്യയിലേക്ക് അവശ്യ വൈദ്യസഹായങ്ങള്‍ സൗജന്യമായി എത്തിക്കാനും കോവിഡ് 19 നെതിരായ പോരാട്ടത്തെ പിന്തുണയ്ക്കാനുമുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ ശ്രമങ്ങളെ വിലമതിക്കുന്നതായി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ പറഞ്ഞു.

പിപിഇ ഉപകരണങ്ങള്‍, ഓക്‌സിജന്‍ കാനിസ്റ്ററുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഇനങ്ങള്‍ എന്നിവയാണ് ഇന്നത്തെ കാര്‍ഗോ വിമാനങ്ങളിലുള്ളത്. നിലവിലുള്ള ചരക്ക് ഓര്‍ഡറുകള്‍ക്ക് പുറമേ ലോകമെമ്പാടുമുള്ള വ്യക്തികളും കമ്പനികളും നല്‍കുന്ന സംഭാവനകളും ഇതില്‍ ഉള്‍പ്പെടുമെന്ന് അംബാസിഡര്‍ വ്യക്തമാക്കി.

കോവിഡിനെതിരെയുള്ള പോരാട്ടത്തിലും പാന്‍ഡെമിക്കിന്റെ ആദ്യഘട്ടത്തിലും ഖത്തര്‍ എയര്‍വേയ്സ് ഒരു പ്രധാന പങ്കുവഹിക്കുകയും ചൈനയുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങള്‍ക്ക് സമാനമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിംഗ് ഓര്‍ഗനൈസേഷനായ സ്‌കൈട്രാക്‌സിന്റെ 5-സ്റ്റാര്‍ കോവിഡ് -19 എയര്‍ലൈന്‍ സുരക്ഷാ റേറ്റിംഗ് നേടിയ ആദ്യത്തേതും ലോകത്തിലെ ആറ് കാരിയറുകളില്‍ സ്ഥാനം പിടിച്ചതുമായ വിമാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും സ്‌കൈട്രാക്‌സ് 5-സ്റ്റാര്‍ കോവിഡ് -19 എയര്‍പോര്‍ട്ട് സുരക്ഷാ റേറ്റിംഗ് ലഭിച്ച ആദ്യത്തെ ഏക വിമാനത്താവളമാണ് ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.

Related Articles

Back to top button
error: Content is protected !!