ഖത്തറില്‍ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചൂടുപിടിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചൂടുപിടിക്കുന്നു . ഒറ്റക്കും കൂട്ടായ വൈവിധ്യമാര്‍ന്ന മാധ്യമങ്ങളിലൂടെയാണ് കാമ്പയിന്‍ നടക്കുന്നത്. ഔദ്യോഗികമായി പാനല്‍ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍ പലരും പരസ്പര ധാരണകളുടെയടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. എല്ലാ സംഘടനകളിലും അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരം മലയാളികള്‍ തമ്മിലാണ് .
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മുന്‍ പ്രസിഡണ്ട് കൂടിയായ എ.പി. മണി കണ്ഠന്‍ രംഗത്തുണ്ട്. എതിരാളിയായി പൂക്കാകിലത്ത് നാസിറുദ്ധീനാണുള്ളത്. ഇവിടെ ശക്തമായ മല്‍സരം പ്രതീക്ഷിക്കുന്നില്ല.
എന്നാല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മല്‍സരം കടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ ജനറല്‍ സെക്രട്ടറി സാബിത് സഹീറും കേരള ബിസിനസ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവയും തമ്മിലാണ് മല്‍സരം.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇ.പി.അബ്ദുറഹിമാനും ആശിഖ് അഹ് മദും തമ്മിലാണ് മല്‍സരം.
ഫെബ്രുവരി 17 ന് ഓണ്‍ലൈനായാണ് തെരഞ്ഞെടുപ്പ് നടക്കുക.