
ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ വിജ്ഞാന വിരുന്ന് സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ ദഅവ വിംഗ് വിജ്ഞാന വിരുന്ന് സംഘടിപ്പിച്ചു. ചേര്‍ന്ന് നില്‍ക്കുക, ചേര്‍ത്ത് നിര്‍ത്തുക എന്ന വിഷയത്തില്‍ നടന്ന മുനവ്വര്‍ സ്വലാഹിയുടെ ക്ലാസ് കേള്‍വിക്കാര്‍ക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി. സ്‌നേഹബന്ധത്തിന്റെ പവിത്രയും അവ ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. പ്രയാസ വേളയിലും, സന്തോഷ വേളയിലും വിശ്വാസികള്‍ ഒരു കെട്ടിടത്തിന്റെ ചുവര് പോലെ ബലവത്തായി ചേര്‍ന്ന് നില്‍ക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഉണര്‍ത്തി.
മരണ ചിന്തകള്‍ എന്ന വിഷയത്തില്‍ നടന്ന ക്ലാസിന് അഷ്‌റഫ് സലഫി നേതൃത്വം നല്‍കി. ഒരാള്‍ക്കും ഒളിച്ചോടാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ് മരണമെന്നും ഒഴിവു സമയങ്ങളും ആരോഗ്യവും ഉള്ള സമയത്ത് അവ മരണാനന്തര ജീവിതത്തിന് വേണ്ടി ഉപയോഗിക്കണമെന്ന് അദ്ദേഹം സദസ്യരെ ഉണര്‍ത്തി.
പരിപാടിയില്‍ മുഹമ്മദലി മൂടാടി. കെ.ടി. ഫൈസല്‍ സലഫി. അബ്ദുല്‍ ഹക്കീം പിലാത്തറ എന്നിവര്‍ സംസാരിച്ചു. സി.പി.ശംസീര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് മാത്രമായി സംഘടിപ്പിച്ച ലിറ്റില്‍ വിംഗ്‌സ് പരിപാടിക്ക് മുജീബ് റഹ്‌മാന്‍ മിശ്കാത്തി, അസ്ലം കാളികാവ് എന്നിവര്‍ നേതൃത്വം നല്‍കി.




