ഇന്ത്യ- ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ അരനൂറ്റാണ്ട്; വിവിധ പദ്ധതികളുമായി ഐ സി സി
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ മാര്‍ഗനിര്‍ദേശത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബുധനാഴ്ചകളില്‍ നടക്കുന്ന ഐ സി സി വെനസ്‌ഡേ ഫിയസ്റ്റയുടെ ഉദ്ഘാടനം മെയ് മൂന്നിന് ഐ സി സി അശോകാ ഹാളില്‍ നടക്കും.
മെയ് മൂന്നിന് വൈകിട്ട് ഏഴിന് നടക്കുന്ന പരിപാടി ഐ സി സി അശോകാ ഹാളില്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ടി ആഞ്ജലിന്‍ പ്രേമലത ഉദ്ഘാടനം ചെയ്യും.
ഡിജിറ്റല്‍ മീഡിയ വഴി ഫ്ളയറുകള്‍, പ്രസ് അപ്ഡേറ്റുകള്‍, റേഡിയോ അറിയിപ്പുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റിംഗുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇന്ത്യന്‍ സമൂഹത്തിലേക്ക് ഐ സി സിയുടെ പദ്ധതികള്‍ എത്തിക്കും.
കലയും കഴിവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ക്ലബ്ബുകള്‍ സജീവമാക്കും. സാഹിത്യം, ശാസ്ത്രം, ഗണിതശാസ്ത്രം, ഫോട്ടോഗ്രഫി, സ്റ്റുഡന്‍സ്, പരിസ്ഥിതി, ഫിലിം തുടങ്ങിയ ക്ലബ്ബുകളാണ് പ്രവര്‍ത്തിക്കുക.
ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഐ സി സി അംഗങ്ങള്‍ക്കും അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ക്കും വിവിധ ഷോപ്പുകള്‍, ക്ലിനിക്കുകള്‍, ബ്യൂട്ടി സെന്ററുകള്‍, റെസ്റ്റോറന്റുകള്‍ മുതലായവയില്‍ നിന്ന് കിഴിവുകള്‍ ലഭിക്കുന്നതിന് പ്രിവിലേജ് കാര്‍ഡ് അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളിലേക്ക് എത്തിച്ചേരാന്‍ വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റര്‍-സ്‌കൂള്‍ മത്സരങ്ങള്‍, അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ക്കുള്ള ഇന്റര്‍ എ ഒ മത്സരങ്ങള്‍, ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കുള്ള ഇന്റര്‍ ക്യാമ്പ് മത്സരങ്ങള്‍ തുടങ്ങിയവ അരങ്ങേറും.
ഇന്ത്യന്‍ സമൂഹത്തിലേക്ക് കൂടുതല്‍ എത്തുന്നതിന്റെ ഭാഗമായി ഐ സി സി മൊബൈല്‍ ആപ്പ് പുറത്തിറക്കും. മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് കോണ്‍സുലാര്‍ സേവനങ്ങളെ കുറിച്ചും ഐ സി സി പരിപാടികളേയും പദ്ധതികളേയും കുറിച്ച് വിവരങ്ങള്‍ ലഭ്യമാകും.
ജോബ് പോര്‍ട്ടലും ജോബ് ഫെയറുമാണ് ഐ സി സിയുടെ മറ്റൊരു മികവുറ്റ പദ്ധതി. നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനോടൊപ്പം ചില കമ്പനികള്‍ തങ്ങളുടെ ഒഴിവുകള്‍ നികത്താന്‍ ജീവനക്കാരെ തേടുന്നുമുണ്ട്. ഐ സി സിയുടെ ജോബ് പോര്‍ട്ടലിലൂടേയും ജോബ് ഫെയറിലൂടെയും പരസ്പരം പ്രയോജനപ്പെടുന്ന വിധത്തില്‍ തൊഴിലുടമകളേയും ജീവനക്കാരേയും ബന്ധപ്പെടുത്താനാവും. ഇത് തൊഴിലില്ലാത്ത നിരവധി പേരെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍ ദുരൈസാമി, ട്രഷറര്‍ അര്‍ഷാദ് അലി, വിവിധ വിഭാഗങ്ങളുടെ തലവന്മാരായ അഡ്വ. എം ജാഫര്‍ഖാന്‍, സുമാ മഹേഷ് ഗൗഡ, ഗാര്‍ഗി വൈദ്യ എന്നിവര്‍ പങ്കെടുത്തു.