എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 നറുക്കെടുപ്പ് ഇന്ന് , ചരിത്രത്തിലെ ഏറ്റവും മികച്ച എഎഫ്സി ഏഷ്യന്‍ കപ്പാകും ദോഹയില്‍ നടക്കുക
അമാനുല്ല വടക്കാങ്ങര
ദോഹ: ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ഫൈനല്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ കത്താറ ഓപ്പറ ഹൗസില്‍ നടക്കും. ചരിത്രത്തിലെ ഏറ്റവും മികച്ച എഎഫ്സി ഏഷ്യന്‍ കപ്പാകും ദോഹയില്‍ നടക്കുകയെന്ന് സംഘാടകര്‍.
2023ലെ എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തറിന്റെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയില്‍ (എല്‍ഒസി) തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഏറ്റവും മികച്ച എഎഫ്സി ഏഷ്യന്‍ കപ്പാകും ദോഹയില്‍ നടക്കുകയെന്നും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ പറഞ്ഞു. കളിക്കാരും ടീമുകളും ആവേശഭരിതരായ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ചരിത്രത്തിലാദ്യമായി, ഏഷ്യയുടെ കിരീടം ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ അരങ്ങേറും, ഞങ്ങളുടെ ടീമുകളും കളിക്കാരും ലോകത്തിലെ ഏറ്റവും മികച്ച കായിക വേദികളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഉത്സുകരാണ്, ചെയര്‍മാന്‍ പറഞ്ഞു. ദോഹയില്‍ 2023-2027 കാലയളവിലെ ആദ്യ എഎഫ്സി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ഫൈനല്‍ ഡ്രോയിലേക്കുള്ള കാത്തിരിപ്പിനൊപ്പം, ഏഷ്യയിലെ 24 ടീമുകള്‍ക്കും മികച്ച വിജയം ആശംസിക്കാന്‍ എഎഫ്സി പ്രസിഡന്റ് അവസരം വിനിയോഗിച്ചു.