ലൈഫ് സ്‌കില്ലുകള്‍ പരിപോഷിപ്പിക്കുന്നതിന് പ്രചോദനം നല്‍കുന്ന ഇവന്റുകളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി
അമാനുല്ല വടക്കാങ്ങര
ദോഹ: ജൂണ്‍ മാസത്തിലുടനീളം ലൈഫ് സ്‌കില്ലുകള്‍ പരിപോഷിപ്പിക്കുന്നതിന് പ്രചോദനം നല്‍കുന്ന ഇവന്റുകളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി രംഗത്ത്. രക്ഷാകര്‍തൃത്വം, സാമ്പത്തികവും നിയമപരവുമായ സാക്ഷരത, സര്‍ഗ്ഗാത്മകത, ബുക്ക് ക്ലബ് ആരംഭിക്കല്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള പരിപാടികളാണ് ലൈബ്രറി സംഘടിപ്പിക്കുന്നത്.
മാതൃത്വം, ബാല്യം, ആരോഗ്യം എന്നീ മേഖലകളിലെ വിദഗ്ധര്‍ ചേര്‍ന്നാണ് ‘മമ്മി ടു ബി’ എന്ന പ്രഭാഷണ പരമ്പര അവതരിപ്പിക്കുന്നത്. ‘മമ്മി ആകാന്‍: രാത്രി ഉറങ്ങാന്‍ എന്നെ സഹായിക്കൂ എന്ന പരിപാടിക്ക് മെറ്റേണിറ്റി ആന്‍ഡ് ചൈല്‍ഡ്ഹുഡ് സ്‌പെഷ്യലിസ്റ്റായ ഡോ. റോള ഖതാമി നേതൃത്വം നല്‍കും. കുട്ടിയുടെ മൊത്തത്തിലുള്ള ക്ഷേമത്തില്‍ ഉറക്കത്തിന്റെ നല്ല ഫലങ്ങള്‍ പര്യവേക്ഷണം ചെയ്യുകയും അമ്മമാരെ, പ്രത്യേകിച്ച് ജോലി ചെയ്യുന്ന അമ്മമാരെ അവരുടെ സമയം നിയന്ത്രിക്കുന്നതില്‍ സഹായിക്കുകയും ചെയ്യുവാന്‍ ലക്ഷ്യം വെക്കുന്ന പരിപാടിയാണിത്.
‘വിദ്യാഭ്യാസമുള്ളതും സംസ്‌കൃതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ ലൈബ്രറികളുടെ പങ്ക്’ എന്ന തലക്കെട്ടിലുള്ള ക്യുഎന്‍എല്‍ എന്‍ഗേജ് പോഡ്കാസ്റ്റുകളുടെ രണ്ടാമത്തെ സീരീസ് ഈ മാസം ആരംഭിക്കും. ജൂണ്‍ 4-ലെ ആദ്യ എപ്പിസോഡ് യുവതലമുറയ്ക്ക് സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തിഗത വളര്‍ച്ചയില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രഗത്ഭ സംരംഭകനായ ഹമദ് അല്‍ ഹജ്രി തന്റെ ഉള്‍ക്കാഴ്ചകള്‍ പങ്കിടും.
ജൂണ്‍ 11-ന് എപ്പിസോഡ് 2 – ‘പുതിയ കമ്പനികള്‍ക്കായുള്ള നിയമോപദേശം’ – പ്രശസ്ത അഭിഭാഷകനായ ഹമദ് അല്‍ യാഫെയില്‍ നിന്ന് കേള്‍ക്കും, അദ്ദേഹം സംരംഭകര്‍ക്കും ബിസിനസുകള്‍ക്കുമുള്ള നിയമ അവബോധത്തിന്റെ അവശ്യ വശങ്ങളിലേക്ക് വെളിച്ചം വീശും. ജൂണ്‍ 18-ന് നടന്ന മൂന്നാം എപ്പിസോഡില്‍, ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദാന അല്‍ താനി, ”എഐ ആക്സസ് ചെയ്യാവുന്നതെങ്ങനെ” എന്ന വിഷയത്തില്‍ സംസാരിക്കും.
‘ആര്‍ട്ട് ഓഫ് ദി ബുക്ക്’ ഇവന്റ് സീരീസിന്റെ ഭാഗമായി, ഫ്രഞ്ച് എംബസിയുടെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഫ്രാന്‍സായിസിന്റെയും സഹകരണത്തോടെ ലൈബ്രറി ജൂണ്‍ 6 ന് ‘യൂറോപ്പിലെ അറബ് പ്രിന്റിംഗ് ചരിത്രം’ എന്ന പേരില്‍ ആകര്‍ഷകമായ ഒരു പ്രഭാഷണം അവതരിപ്പിക്കും. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ സ്ലിമാന്‍ സെഗിദോര്‍ അവതരിപ്പിക്കുന്ന ഈ സെഷന്‍ സാംസ്‌കാരിക വിനിമയത്തിന്റെ വൈജ്ഞാനികവും കലാപരവുമായ പ്രാധാന്യത്തെക്കുറിച്ച് വിശകലനം ചെയ്യും.
കുടുംബങ്ങളെ കേന്ദ്രീകരിച്ച്, ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ക്കായി കൗമാരപ്രായം വിജയകരമായി നാവിഗേറ്റ് ചെയ്യുന്നതിനുള്ള ഒരു ശ്രദ്ധേയമായ സെഷന്‍ ജൂണ്‍ ഏഴിന് നടക്കും. ഈ ഓണ്‍ലൈന്‍ സെഷന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ലേണിംഗ് സെന്ററിലെ സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ് റുബ ദബാബത്ത് അറബിയില്‍ അവതരിപ്പിക്കും.
ജൂണ്‍ 8-ന്, 12 മുതല്‍ 18 വയസ്സുവരെയുള്ള കൗമാരക്കാര്‍ക്ക് ‘ആറു ചിന്താ തൊപ്പികള്‍’ – സര്‍ഗ്ഗാത്മക ചിന്തയുടെ ഏറ്റവും പ്രധാനപ്പെട്ട രീതികളെ അടുത്തറിയുവാന്‍ സഹായകമാകും.
ജൂണ്‍ 14-ന് ലൈബ്രറിയില്‍ ദി ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ സംഗീത സന്ധ്യ അരങ്ങേറും.
ജൂണ്‍ 20-ന് നടക്കുന്ന എങ്ങനെയാണ് ഞാന്‍ …’ എന്ന സംഭാഷണ പരമ്പര ഒരു ബുക്ക് ക്ലബ് എങ്ങനെ തുടങ്ങാം എന്ന് പരിശോധിക്കും.