ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മെസ്സിയുടെ ജീവചരിത്രം കോഴിക്കോട് പ്രകാശനം ചെയ്തു
ദോഹ. ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മെസ്സിയുടെ ആധികാരിക ജീവചരിത്രത്തിന്റെ പ്രകാശനം മെസ്സിയുടെ 36-ാം ജന്മദിനത്തില്‍ കോഴിക്കോട് നടന്നു. ചടങ്ങിനെത്തിയ എല്ലാവരും മെസ്സിയ്ക്കുള്ള പിറന്നാള്‍ അഭിവാദ്യമായി അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് എത്തിയത് ഏറെ കൗതുകമായി.
കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍വെച്ച് നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് റാഫി , അനസ് എടത്തൊടികയ്ക്ക് ആദ്യപ്രതി നല്‍കി പുസ്തകം പ്രകാശനം ചെയ്തു. വിഖ്യാത ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ലൂക്കാ കയോലി രചിച്ച പുസ്തകം പരിഭാഷ ചെയ്തത് രാജ്യാന്തര സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കമാല്‍ വരദൂരാണ്.
കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.ജെ. ജോഷ്വ, ലിപി അക്ബര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പരിഭാഷകനായ കമാല്‍ വരദൂര്‍ വിവര്‍ത്തനാനുഭവം സദസ്സുമായി പങ്കുവെച്ചു. പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു.