
മനുഷ്യാവകാശത്തിലും കായികരംഗത്തും ആശാവഹമായ പുരോഗതി സൃഷ്ടിക്കുന്നതിനാണ് ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മനുഷ്യാവകാശത്തിലും കായികരംഗത്തും ആശാവഹമായ പുരോഗതി സൃഷ്ടിക്കുന്നതിനാണ് ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് . മനുഷ്യാവകാശ, കായിക മേഖലകളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതിനും പരസ്പര ധാരണ, സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഖത്തര്‍ സ്റ്റേറ്റ് പറഞ്ഞു.
യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 47-ാമത് സെഷന്റെ ഭാഗമായി കായികരംഗം മുഖേന മനുഷ്യാവകാശം ഉയര്‍ത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ജനീവയിലെ യുഎന്‍ ഓഫീസിലെ ഖത്തര്‍ സ്ഥിരം മിഷന്റെ പ്രഥമ സെക്രട്ടറി അബ്ദുല്ല ഹമദ് അല്‍ നുഐമി നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2022 ലെ ലോകകപ്പ്, മറ്റ് പ്രധാന കായിക മത്സരങ്ങള്‍ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിനുള്ള ചട്ടക്കൂടില്‍ ഖത്തര്‍ മനുഷ്യാവകാശങ്ങളും തൊഴിലാളികളുടെ ജോലി അടിസ്ഥാന അവകാശങ്ങളും ഉറപ്പുനല്‍കുന്നതിനായി നിരവധി നിയമനിര്‍മ്മാണങ്ങള്‍ സ്വീകരിച്ചുവെന്ന് അല്‍ നുഐമി പറഞ്ഞു. ഈ നടപടികള്‍ക്ക് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ), ഇന്റര്‍നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഫ്രീ ട്രേഡ് യൂണിയനുകള്‍ (ഐസിഎഫ്ടിയു) എന്നിവയില്‍ നിന്ന് മികച്ച പ്രതികരണവും അംഗീകാരവുമാണ് ലഭിച്ചത്.
ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രധാന കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സാമ്പത്തിക വികസനത്തിനും സമത്വത്തെ അടിസ്ഥാനമാക്കി പൊതു ബോധം സൃഷ്ടിക്കുന്നതിനും സഹായകമാണ്. ഈ കാഴ്ചപ്പാടിലാണ് പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ മുന്‍ഗണന നല്‍കുന്നത്. ഖത്തറില്‍ നടക്കുന്ന 2022 ലെ ലോകകപ്പ് ഈ മേഖലയില്‍ നടക്കുന്ന ആദ്യത്തെ പ്രധാന കായിക മത്സരമായിരിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
2019 ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പും മറ്റ് പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങളും വിജയകരമായി നടത്തിയ ആത്മ വിശ്വാസത്തില്‍ 2032 ല്‍ ഒളിമ്പിക്, പാരാലിമ്പിക് ഗെയിമുകള്‍ക്ക് ആതിഥ്യം വഹിക്കുവാന്‍ ഖത്തര്‍ താല്‍പ്പര്യമുണ്ടെന്ന് അല്‍ നുഐമി പറഞ്ഞു.