Archived ArticlesUncategorized

നോര്‍ക്ക സേവനങ്ങള്‍ക്ക് ജി എസ് ടി ഏര്‍പ്പെടുത്തിയത് പിന്‍ വലിക്കണം : കള്‍ച്ചറല്‍ ഫോറം

അമാനുല്ല വടക്കാങ്ങര

ദോഹ. പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നല്‍കി വരുന്ന വിവിധ സേവനങ്ങള്‍ക് ജി എസ് ടി ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം ഖത്തര്‍ ആവശ്യപ്പെട്ടു.

ജി.എസ്.ടി ആക്റ്റ് പ്രകാരം എല്ലാ സര്‍ക്കാര്‍ സേവങ്ങള്‍ക്കും ജി.എസ്.ടി ബാധകമാണെന്നതിന്റെ മറ പിടിച്ച് കഴിഞ്ഞ ദിവസമാണ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ്‌സ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയ്ക്ക് 18 ശതമാനം നിരക്ക് വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

നിലവിലെ 315 രൂപയില്‍ നിന്ന് ഫെബ്രു ഒന്ന് മുതല്‍ 372 രുപയായാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത് . ഇത് സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളാവുന്ന ബഹുഭൂരിപക്ഷം താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കും അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണ് സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി .

ഈ നീക്കത്തില്‍ നിന്നും സര്‍ക്കാറുകള്‍ പിന്മാറണം. നിലവില്‍ ആകര്‍ഷണീയത കുറഞ്ഞ വിവിധ പദ്ധതികളില്‍ ഗള്‍ഫ് നാടുകളിലെ സന്നദ്ധ സംഘടനകളുടെ നിരന്തരബോധവത്കരണത്തിലൂടെയാണ് പ്രവാസികള്‍ അംഗങ്ങളാവുന്നത് എന്നിരിക്കെ നിരക്ക് വര്‍ദ്ധന ആളുകളെ പദ്ധതികളില്‍ നിന്ന് അകറ്റുകയും പ്രവാസി ക്ഷേമത്തിനായി മാറ്റി വെക്കുന്ന തുക അര്‍ഹരായവര്‍ക്ക് കിട്ടാതായി പോകുന്ന അവസ്ഥയിലേക്ക് പോകുമെന്നും കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ചന്ദ്രമോഹന്‍, ഷാനവാസ് ഖാലിദ്, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!