കൊടും ചൂടിലും വിവിധയിനം പച്ചക്കറികള്‍ വിളയിച്ചെടുത്ത് ഖത്തറിലെ പ്രാദേശിക ഫാമുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കൊടും ചൂടിലും വിവിധയിനം പച്ചക്കറികള്‍ വിളയിച്ചെടുത്ത് ഖത്തറിലെ പ്രാദേശിക ഫാമുകള്‍ . ഖത്തറില്‍ കാലാവസ്ഥാ താപനില അനുദിനം ഉയരുന്നുണ്ടെങ്കിലും, ഖത്തറി ഫാമുകള്‍ പ്രാദേശിക വിപണിയില്‍ ദിവസേന ഇരുപതിലേറെ വ്യത്യസ്ത ഇനം പച്ചക്കറികള്‍ വിതരണം ചെയ്യുന്നത് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രാദേശിക ഫാമുകളുടെ വിജയകരമായ ദൗത്യനിര്‍വഹണമാണ് സൂചിപ്പിക്കുന്നത്.
പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളെ ഉപഭോക്താക്കള്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും പുതിയതും ന്യായമായ വിലയുള്ളതുമായതിനാല്‍ ഇറക്കുമതി ചെയ്യുന്ന ഇനങ്ങളേക്കാള്‍ അവ തിരഞ്ഞെടുക്കുന്നുവെന്നുമാണ് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറയുന്നത്. വിപണിയില്‍ പ്രാദേശിക ഉല്‍പന്നങ്ങളുടെ അളവ് പരിമിതമാണെന്നും ശൈത്യകാലത്തെ അപേക്ഷിച്ച് വളരെ കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഏകദേശം അഞ്ച് വര്‍ഷം മുമ്പ്, ഉല്‍പാദന ദൗര്‍ലഭ്യം കാരണം പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വളരെ അപൂര്‍വമായിരുന്നു, എന്നാല്‍ ഉല്‍പാദന ഉപാധികളിലെ വികസനവും കാര്‍ഷിക മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ വലിയ പിന്തുണയും കാരണം ഇവ ഗണ്യമായി വളര്‍ന്നു.
നിലവില്‍ വിപണിയില്‍ ലഭ്യമായ പ്രാദേശിക ഉല്‍പ്പന്നങ്ങളില്‍ വെള്ളരിക്ക, കാപ്സിക്കം, വഴുതന, വെണ്ട, പടിപ്പുരക്ക, മത്തങ്ങ, വെള്ള ഉള്ളി, കാബേജ്, കോളിഫ്ളവര്‍, വിവിധ തരം ഇലക്കറികളും ചീരകളും ഉള്‍പ്പെടുന്നു.