ഖത്തറില്‍ മയക്കുമരുന്നുകള്‍ക്കെതിരെ കര്‍ശന നിരീക്ഷണം
ദോഹ. ഖത്തറില്‍ എല്ലാതരത്തിലും മയക്കുമരുന്നുകള്‍ക്കെതിരെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റിലെ സ്റ്റഡീസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍-ഖാതര്‍ അഭിപ്രായപ്പെട്ടു. അല്‍ റയ്യാന്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറില്‍ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ തമ്മില്‍ സഹകരണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
”രാജ്യത്ത് എല്ലാം നിയന്ത്രണത്തിലാണ്. ഖത്തറില്‍ മരുന്ന് ഉല്‍പ്പാദനമോ കൃഷിയോ ഇല്ല,” അദ്ദേഹം വിശദീകരിച്ചു.
മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മയക്കുമരുന്നിന്റെ ഭീഷണികളും ദൂഷ്യഫലങ്ങളും നേരിടാന്‍ അധികാരികളുടെ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി മയക്കുമരുന്ന് പിടിച്ചെടുക്കലിന്റെ വീഡിയോകള്‍ പതിവായി പ്രചരിപ്പിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.