പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു
ദോഹ:ഇന്‍സ്പയറിങ് ലീഡേഴ്സ് ക്ലബ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രമുഖ എഴുത്തുകാരനും ഇസ് ലാമിക പണ്ഡിതനുമായ യൂസുഫ് അന്‍സാരിയുടെ നേതൃത്വത്തില്‍ പ്രസംഗ പരിശീലന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
പ്രസംഗ കലയെ സ്‌കൂള്‍ പഠനത്തോടൊപ്പം സമന്വയിപ്പിച്ച് വിദ്യാര്‍ത്ഥികളെ ആത്മവിശ്വാസത്തോടെ സമൂഹത്തോട് സംവദിക്കാന്‍ പ്രാപ്തരാക്കുന്ന ക്ലബ്ബിന്റെ കാല്‍വെപ്പ് ദോഹയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മനക്കരുത്തും, മാറുന്ന ലോകത്തു മുന്നില്‍ നിന്ന് നയിക്കാനുള്ള നേതൃപാടവവും ശക്തിയും പകരുമെന്ന് ‘കാലത്തിനൊപ്പം’ എന്ന വിഷയത്തില്‍ നടന്ന പ്രസംഗത്തില്‍ യൂസുഫ് അന്‍സാരി അഭിപ്രായപ്പെട്ടു.
‘ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ പഠിക്കുക’ എന്ന വിഷയത്തില്‍ നടന്ന പരിശീലന കളരിയില്‍ എങ്ങനെ നല്ല പ്രസംഗികന്‍ ആവാം, എന്ത് പ്രസംഗിക്കണം, വായനയുടെ പ്രാധാന്യം തുടങ്ങിയവ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.
വിശുദ്ധ ഖുര്‍ആനിലെ വിവിധ കഥകളെ ആസ്പദമാക്കി സ്‌കൂള്‍ കുട്ടികളായ അബ്ദുല്ല അന്‍വര്‍ഷ , ഇജാസ് അബ്ദുല്ല , മുഹമ്മദ് എന്‍ ടി എന്നിവര്‍ നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധേയമായി. ടേബിള്‍ ടോപിക്‌സ് മത്സരത്തില്‍ അസീല്‍ , അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി.
മുഹമ്മദ് സുബിന്‍, ഷംനാദ് പേയാട്, ജൈസല്‍ എ കെ, സല്‍മാനുല്‍ ഫാരിസ് , എന്നിവര്‍ സംസാരിച്ചു. ഇന്‍സ്പയറിങ് ലീഡേഴ്സ് ക്ലബ് നടത്തിയ പരിശീനകളരിക്ക് ക്ലബ് പ്രസിഡന്റ് അന്‍വര്‍ഷ മോഡറേറ്റര്‍ ആയിരുന്നു.