ഫലസ്തീനികളെ കൊന്നൊടുക്കാന്‍ സൗജന്യ ലൈസന്‍സ് നല്‍കുന്നതിനെ അംഗീകരിക്കാനാവില്ല : ഖത്തര്‍ അമീര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഗസ്സയില്‍ ഫലസ്തീനികളെ ക്രൂരമായി കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വ്യക്തമാക്കി. ഖത്തര്‍ ശൂറ കൗണ്‍സിലിന്റെ 52-ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമീര്‍.
ഗസ്സയില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ അക്രമം തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതക്കെതിരെയും ഖത്തര്‍ അമീര്‍ ആഞ്ഞടിച്ചു. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചതായും, ഒരു കാരണവശാലും അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ കൂട്ടക്കൊല അനുകൂലിക്കരുതെന്നും അമീര്‍ മുന്നറിയിപ്പ് നല്‍കി.
‘അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ കൂട്ട നരഹത്യക്ക് നിരുപാധിക പിന്തുണ നല്‍കുന്നത് അംഗീകരിക്കാനാവില്ല. ഹമാസിനെതിരായ സൈനിക നടപടി എന്ന പേരില്‍ ഗസ്സയിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ബോംബാക്രമണത്തില്‍ നിശ്ശബ്ദത പാലിക്കാന്‍ കഴിയില്ല’; അമീര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര സമുഹത്തിന്റെ ഇരട്ടത്താപ്പിനെയും എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് ഭക്ഷണവും വെള്ളവും മരുന്നും വരെ നിഷേധിച്ച് തുടരുന്ന ഉപരോധങ്ങളെയും അമീര്‍ ശക്തമായി വിമര്‍ശിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുള്ള ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, കൂടാതെ നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, സംസ്ഥാനത്തിന് അംഗീകാരമുള്ള നയതന്ത്ര ദൗത്യങ്ങളുടെ തലവന്‍മാര്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരും പങ്കെടുത്തു.