കാളാവ് സൈതലവി മുസ് ലിയാര്‍ സ്മാരക ഗ്രന്ഥ പുരസ്‌കാരം ഫൈസല്‍ നിയാസ് ഹുദവിക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. മികച്ച ഇസ് ലാമിക ഗ്രന്ഥത്തിന്, അബൂദാബി സുന്നിസെന്റര്‍ ഏര്‍പ്പെടുത്തിയ, കാളാവ് സൈതലവി മുസ് ലിയാര്‍ സ്മാരക പുരസ്‌കാരത്തിന്, ഫൈസല്‍ നിയാസ് ഹുദവിയുടെ, ഇസ് ലാമിക് ഫൈനാന്‍സ്: പ്രയോഗവും കര്‍മശാസ്ത്രവും എന്ന ഗ്രന്ഥം അര്‍ഹമായി. ഒരു ലക്ഷം രൂപയും മെമെന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 11 ന്, മലപ്പുറം തിരൂര്‍ എ.എസ്.സി വ്യാപാര-സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേകാട്, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 2015 മുതല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ഇസ് ലാമിക് ഗ്രന്ഥങ്ങളില്‍ നിന്നാണ് നിയാസ് ഹുദവിയുടെ ഇസ് ലാമിക് ഫൈനാന്‍സ് തെരഞ്ഞെടുക്കപ്പെട്ടത്. കാളാവ് സൈതലവി മുസ് ലിയാരുടെ സ്മരണക്കായി, അബൂദാബി സുന്നി സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന്റെ പ്രഥമ ജേതാവാണ് ഫൈസല്‍ നിയാസ് ഹുദവി.
കൊല്ലം കൊല്ലൂര്‍വിള വൈനഗര്‍ സ്വദേശിയായ ഫൈസല്‍ നിയാസ് ഹുദവി, ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജി-പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ആസാം ഡൗണ്ടൗണ്‍ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. ഖത്തറില്‍ സര്‍ക്കാര്‍ ജീവനക്കാരനായ അദ്ദേഹം, ഇസ് ലാമിക് ഫൈനാന്‍സ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ട്രെയിനിയിങ് നടത്തുകയും ചെയ്യാറുണ്ട്.
മലയാളവും ഇംഗ്ലീഷും അടക്കം ആറ് ഭാഷകളില്‍ ലഭ്യമായ സമ്പൂര്‍ണ്ണ വെബ് പോര്‍ട്ടല്‍ ഇസ് ലാം ഓണ്‍വെബ് ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ ദഅ്‌വാ പദ്ധതികള്‍ നടത്തി വരുന്ന മിഷന്‍ സോഫ്റ്റ് ഫൌണ്ടേഷന്റെ സ്ഥാപകനും തുടക്കം മുതലേ സി.ഇ.ഒയുമാണ് നിയാസ് ഹുദവി. നിലവില്‍ സിജി ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി കൂടിയാണദ്ദേഹം.