എ എഫ് സി ഏഷ്യന്‍ കപ്പ് രണ്ടാം ഘട്ട ടിക്കറ്റ് വില്‍പന ഇന്ന് 4 മണി മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറില്‍ നടക്കുന്ന 2023 ലെ ഏഷ്യന്‍ ഫുട്‌ബോള്‍ കപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വില്‍പ്പന ഇന്ന് ( നവംബര്‍ 20 ന് ) ദോഹ സമയം വൈകുന്നേരം 4 മണിക്ക് ആരംഭിക്കും.
ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ വെബ്സൈറ്റിലൂടെയും ടിക്കറ്റുകള്‍ വില്‍പനയ്ക്ക് വെക്കും.
ഏറ്റവും കുറഞ്ഞ വിഭാഗത്തില്‍ 25 റിയാലാണ് ടിക്കറ്റ് നിരക്ക് .
ഒക്ടോബര്‍ 10ന് ആരംഭിച്ച വില്‍പനയില്‍ ആദ്യ 24 മണിക്കൂറിനുള്ളില്‍ മാത്രം 81,209 ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായും ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ ടിക്കറ്റുകള്‍ സ്വന്തമാക്കിയതെന്നും സംഘാടകര്‍ അറിയിച്ചു.
ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 24 ടീമുകള്‍ ഖത്തറിലെ ഒമ്പത് ലോകോത്തര സ്റ്റേഡിയങ്ങളിലായി മത്സരിക്കും, ഒരു മാസത്തിനിടെ ആകെ 51 മത്സരങ്ങള്‍ നടക്കും.
1988ലും 2011ലും ആതിഥേയത്വം വഹിച്ചതിന് ശേഷം മൂന്നാം തവണയാണ് ഖത്തര്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.