ജിസിസി സുപ്രീം കൗണ്‍സിലിന്റെ 44-ാമത് സെഷന്റെ സമാപന സമ്മേളനത്തില്‍ ഖത്തര്‍ അമീര്‍ അധ്യക്ഷത വഹിച്ചു
ദോഹ: തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദോഗാന്റെ സാന്നിധ്യത്തില്‍ ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ജിസിസി സുപ്രീം കൗണ്‍സിലിന്റെ 44-ാമത് സെഷന്റെ സമാപന സമ്മേളനത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധ്യക്ഷത വഹിച്ചു.
ഖത്തര്‍ ആതിഥേയത്വം വഹിച്ച സുപ്രീം കൗണ്‍സിലിന്റെ 44-ാമത് സെഷനുകളുടെ അവസാനത്തില്‍, അതില്‍ നിലനിന്നിരുന്ന സാഹോദര്യ മനോഭാവത്തില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അമീര്‍ പറഞ്ഞു. ചര്‍ച്ചകളിലെ വസ്തുനിഷ്ഠതയും അതിന്റെ ഫലമായ തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നതിലുള്ള വിവേകവും,നമ്മുടെ സഹോദര രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ക്ഷേമവും സമൃദ്ധിയും കൈവരിക്കുന്നതിനും അറബ് സമൂഹത്തിന്റേയും ഇസ് ലാമിക സമൂഹത്തിന്റേയും ലക്ഷ്യങ്ങളെ സേവിക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമീര്‍ പറഞ്ഞു.
ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയും സമാപനയോഗത്തില്‍ സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ ഡെപ്യൂട്ടി അമീര്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, അമീറിന്റെ പേഴ്സണല്‍ പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി , പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, നിരവധി പ്രമുഖരായ ഷെയ്ഖുകള്‍, മന്ത്രിമാര്‍, പ്രതിനിധി സംഘാംഗങ്ങള്‍, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.