Uncategorized

മാപ്പിളപ്പാട്ടിലെ പ്രതിഭകള്‍ക്കൊപ്പം ഒരു സായാഹ്നം ശ്രദ്ധേയമായി

ദോഹ: ഖത്തര്‍ കെഎംസിസി കലാ സാഹിത്യ സാംസ്‌കാരിക വിഭാഗം സമീക്ഷ സംഘടിപ്പിച്ച ‘മാപ്പിളപ്പാട്ടിലെ പ്രതിഭകള്‍ക്കൊപ്പം ഒരു സായാഹ്നം’ ശ്രദ്ധേയമായി . കെഎംസിസി ഹാളില്‍ നടന്ന സംഗമം ഖത്തര്‍ കെഎംസിസി പ്രസിഡന്റ് ഡോ : അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ടിന്റെ ജീവസ്സുറ്റ വരികളെയും ഇതിവൃത്തത്തെയും കുറിച്ചുള്ള ചിന്തകളും ചര്‍ച്ചകളും ഈ മേഖലയെ കൂടുതല്‍ സജീവമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . സമീക്ഷ പ്രസിഡന്റ് മജീദ് നാദാപുരം അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെഎംസിസി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പിഎസ്എം ഹുസൈന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ , ബഹ്‌റൈന്‍ കെഎംസിസി വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു .

മാപ്പിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍ എളേറ്റില്‍, ഗായകന്‍ ഷമീര്‍ ഷര്‍വാനി, സംവിധായകന്‍ ജ്യോതി വെള്ളല്ലൂര്‍ തുടങ്ങിയവര്‍ പാട്ടറിവുകളും അനുഭവങ്ങളുമായി സദസുമായി സംവദിച്ചു. മാപ്പിളപ്പാട്ടുകള്‍ കേവലം ഒരു സംഗീത ആസ്വാദനം മാത്രമല്ലെന്നും അതിന് വലിയ അര്‍ത്ഥ തലങ്ങളുണ്ടെന്നും അത്തരം പാട്ടെഴുത്തുകള്‍ ഓരോ കാലത്തോടൊപ്പം സഞ്ചരിക്കുകയും ചരിത്രം സൃഷ്ടിച്ചവയാണെന്നും ഫൈസല്‍ എളേറ്റില്‍ അഭിപ്രായപ്പെട്ടു.

മാപ്പിള ഗാന ശാഖയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അന്‍പതിലേറെ വര്‍ഷങ്ങളായി മികവുറ്റ ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച അതുല്യപ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും, അവരുടെ ജീവിതവും സംഗീതാനുഭവങ്ങളും പുതുതലമുറക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഷമീര്‍ ഷര്‍വാനി സംസാരിച്ചു . ജാതിക്കും മതത്തിനും അതീതമായി നിലകൊള്ളുന്ന സാഹിത്യ ശാഖയാണ് മാപ്പിളപ്പാട്ടെന്നും , ഈ മേഖലയെ മുന്‍ നിര്‍ത്തി നിര്‍വഹിച്ച റിയാലിറ്റി ഷോകളുടെ അനുഭവങ്ങളും ജ്യോതി വെള്ളല്ലൂര്‍ പങ്കുവെച്ചു. മാപ്പിള കവി ജിപി ചാലപ്പുറം ,സുബൈര്‍ വാണിമേല്‍, മുത്തലിബ് മട്ടന്നൂര്‍, നവാസ് ഗുരുവായൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.സമീക്ഷ ജനറല്‍ കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട് സ്വാഗതം ആശംസിച്ചു. സമീക്ഷ വൈസ് ചെയര്‍മാന്‍മാരായ
വീരാന്‍ കോയ പൊന്നാനി , ബഷീര്‍ ചേറ്റുവ ,അജ്മല്‍ ഏറനാട് ,ഒ ടി കെ റഹീം ,ഖാസിം അരിക്കുളം
കണ്‍വീനര്‍മാരായ ഇബ്രാഹിം കല്ലിങ്ങല്‍ , റിയാസ് അബ്ദുല്‍ഖാദര്‍ തുടങ്ങിയവര്‍ അതിഥികള്‍ക്കുള്ള സ്‌നേഹോപഹാരം കൈമാറി. കണ്‍വീനര്‍ ഷഫീര്‍ വാടാനപ്പള്ളി അവതാരകനായിരുന്നു.

Related Articles

Back to top button
error: Content is protected !!