മിഡില്‍ ഈസ്റ്റില്‍ അതിവേഗം വളരുന്ന വിനോദസഞ്ചാര കേന്ദ്രമായി ഖത്തര്‍ മാറി : ഖത്തര്‍ ടൂറിസം ചെയര്‍മാന്‍
അമാനുല്ല വടക്കാങ്ങര
ദോഹ: വൈവിധ്യമാര്‍ന്ന ഈവന്റുകളും സൗകര്യങ്ങളും വികസിപ്പിച്ചതിലൂടെ മിഡില്‍ ഈസ്റ്റില്‍ അതിവേഗം വളരുന്ന വിനോദസഞ്ചാര കേന്ദ്രമായി ഖത്തര്‍ മാറിയതായി ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സഅദ് ബിന്‍ അലി ബിന്‍ സഅദ് അല്‍ ഖര്‍ജി അഭിപ്രായപ്പെട്ടു. ഖത്തറില്‍ ലഭ്യമായ പ്രകൃതിദത്ത മൂലകങ്ങളിലെ മികച്ച നിക്ഷേപത്തിലൂടെയും വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിലൂടെയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വദേശത്തും വിദേശത്തും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ഖത്തര്‍ വിജയിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രകൃതി സംരക്ഷണം, പുരാതന കോട്ടകള്‍, പൊതു ബീച്ചുകള്‍, പൊതു ഉദ്യാനങ്ങള്‍, പാര്‍ക്കുകള്‍, അന്തര്‍ദേശീയ റിസോര്‍ട്ടുകള്‍, കൂടാതെ നിരവധി മ്യൂസിയങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവയില്‍ വിവിധ സംസ്‌കാരങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ വിനോദസഞ്ചാര ആകര്‍ഷണത്തിന്റെ എല്ലാ ഘടകങ്ങളും ഖത്തറിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോട്ടലുകള്‍, പരമ്പരാഗത മാര്‍ക്കറ്റുകള്‍, പ്രധാന വാണിജ്യ സമുച്ചയങ്ങള്‍ എന്നിവ ഖത്തറിനെ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും അവരുടെ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.