മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ -ഖത്തര്‍ ലോഗോ പ്രകാശനം ചെയ്തു
ദോഹ. ഖത്തറിലെ മലപ്പുറം ജില്ല പ്രവാസികളുടെ വിശാല സൗഹൃദ കൂട്ടായ്മയായ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എപി മണികണ്ഠന്‍ , ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇപി അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു . മുഴുവന്‍ മനുഷ്യരുടെയും സ്‌നേഹ-സൗഹൃദ ഇടമായി അസോസിയേഷന്‍ മാറട്ടെ എന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍ ആശംസിച്ചു . വലിയ സ്വപ്നങ്ങളുമായി പിറന്നു വീണ മെജസ്റ്റിക് പ്രൗഢിയോടെ ഉയര്‍ച്ചയിലേക്ക് നീങ്ങട്ടെ എന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇപി അബ്ദുറഹിമാനും കൂട്ടിച്ചേര്‍ത്തു .
മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ -ഖത്തര്‍ പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു .ഐസിബിഎഫ് ജനറല്‍ സെക്രട്ടറി കെ.വി ബോബന്‍ , ഉപദേശക സമിതി ചെയര്‍മാന്‍ അഷറഫ് ചിറക്കല്‍ , വൈസ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
വിവിധ അപെക്‌സ് ബോഡി മാനേജിങ് കമ്മറ്റി അംഗങ്ങളായ സജീവ് സത്യശീലന്‍ , അബ്ദുറഊഫ് കൊണ്ടോട്ടി , ദീപേഷ്, വിവിധ ജില്ലാ പ്രവാസി അസോസിയേഷനുകളുടെ ഭാരവാഹികള്‍ , മലപ്പുറം ജില്ലയിലെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികള്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ സന്നിഹിതരായി
ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമായി ലഭിച്ച നിരവധി ലോഗോകളില്‍ നിന്ന് കോഴിക്കോട് ചേന്ദമംഗലൂര്‍ സ്വദേശിയും ദോഹയിലെ പ്രമുഖ ആര്‍ട്ടിസ്റ്റുമായ ബാസിത് ഖാന്‍ നിര്‍മ്മിച്ച ലോഗോ ആണ് തെരെഞ്ഞെടുക്കപ്പെട്ടത് .
ലോഗോ രൂപകല്പന ചെയ്ത ബാസിത് ഖാനെ കൂട്ടായ്മയുടെ ഉപഹാരം നല്‍കി ആദരിച്ചു.
ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍ വീട്ടില്‍ സ്വാഗതവും ട്രഷറര്‍ ജിതിന്‍ ചക്കൂത്ത് നന്ദിയും പറഞ്ഞു . മാനേജിങ് കമ്മിറ്റി അംഗം ജാന്‍സി ജനാര്‍ദ്ധനന്‍ പരിപാടികള്‍ നിയന്ത്രിച്ചു . വൈസ് പ്രസിഡന്റുമാരായ റിയാസ് അഹമ്മദ് , മുനീഷ് എ സി , സെക്രട്ടറിമാരായ ഷാഫി പാറക്കല്‍ , ഇസ്മായില്‍ കുറുമ്പടി , ശീതള്‍ പ്രശാന്ത് , എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .