Breaking News

‘സ്വര്‍ണ്ണ മയൂരം അവാര്‍ഡ്’ ഖത്തറിലെ പ്രവാസി എഴുത്തുകാരന്‍ റഷീദ് കെ മുഹമ്മദിന്


അമാനുല്ല വടക്കാങ്ങര

ദോഹ. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ലിറ്ററേച്ചര്‍ അക്കാദമിയുടെ ഗോള്‍ഡന്‍ പീക്കോക്ക് നാടക രചന മല്‍സരത്തില്‍ ‘സ്വര്‍ണ്ണ മയൂരം അവാര്‍ഡ്’ ഖത്തറിലെ പ്രവാസി എഴുത്തുകാരന്‍ റഷീദ് കെ മുഹമ്മദിന് . ‘ആകാശവാണി എന്റെ റേഡിയോ നാടകങ്ങള്‍’ എന്ന റേഡിയോ നാടക സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ധര്‍മ്മായനം, അതിഥി വരാതിരിക്കില്ല, ഒരാള്‍ പോകും വഴി, കാറ്റുണരാതെ, സത്യാര്‍ത്ഥം, താളഭംഗം എന്നിങ്ങനെ 1989 മുതല്‍ തൃശ്ശൂര്‍ ആകാശവാണി റേഡിയോയില്‍ എഴുതിയ നാടകങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത ആറു നാടകങ്ങളുടെ സമാഹാരമാണ് പ്രസ്തുത കൃതി.


അടുത്ത് തന്നെ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും.

തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടി സ്വദേശിയായ റഷീദ് കെ മുഹമ്മദ് 1989 ല്‍ ആകാശവാണിയില്‍ ഓഡിഷന്‍ കഴിഞ്ഞു. ധാരാളം നാടകങ്ങള്‍ ഫീച്ചറുകള്‍ പ്രഭാഷണങ്ങള്‍, ഗാന രചനകള്‍ തുടങ്ങി, അഭിനയവും സംവിധാനവും സ്‌ക്രിപ്റ്റ് റൈറ്റിങ്ങും നിര്‍മ്മാണവും നിര്‍വഹിച്ചു.ദൂരദര്‍ശനിലും ഓഡിഷന്‍ കഴിഞ്ഞിട്ടുണ്ട്. സീരിയല്‍ ,ടെലി ഫിലിമുകള്‍,ഷോര്‍ട്ട് ഫിലിമുകള്‍ ഡോക്യൂമെന്ററികള്‍ തുടങ്ങിയവയും ചെയ്തിട്ടുണ്ട്.

ദ എക്‌സ്പ്രസ്സ് , സിനിമ ഡയറി എന്നീ പത്രങ്ങളില്‍ കുറച്ചുകാലം ലേഖകനായും ഫോട്ടോ ഗ്രാഫറായും ജോലി ചെയ്തു.

അഭിനയ കലയുടെ ബാല പാഠങ്ങള്‍ അഭ്യസിക്കേണ്ടത് നാടക കളരിയില്‍ നിന്നാകണം എന്ന നിര്‍ബന്ധ ബുദ്ധിയാല്‍ പ്രൊഫഷണല്‍ നാടക സംഘങ്ങളില്‍ കഴിബ്രം വിജയന്‍ ടി കെ മധു എന്നിവര്‍ക്കൊപ്പം കുറച്ചുകാലം പ്രവര്‍ത്തിച്ചു. പിന്നീട് സിനിമയില്‍ സജീവമായി.

വിപിന്‍ മോഹന്‍ എന്ന ചായഗ്രാഹകന്റെ അസിസ്റ്റന്റ് കേമറ മാന്‍ ആയി സര്‍വ്വ കലാശാല എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്.
പിന്നീട് നിര്‍മ്മാണം അഭിനയം സംവിധാനം സ്‌ക്രിപ്റ്റ് വിതരണം തുടങ്ങി വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചു.


ഒടുവില്‍ സിനിമകളുടെയും പ്രോഗ്രാമുകളുടെയുമൊക്കെ കോപ്പി റൈറ്റ് ബിസിനസ്സിലൂടെ സി ഡി,ഡി വി ഡി സിനിമ പഞ്ചിങ് നിര്‍മ്മാണ വിതരണ ബിസിനസ്സില്‍ സജീവമായി.150-ല്‍ പരം ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടുണ്ട്.

കലാ- സാഹിത്യ -രാഷ്ട്രീയ മണ്ഡലങ്ങളിലും ജന സേവന -ജീവ കാരുണ്ണ്യ പ്രവര്‍ത്തനങ്ങളിലും ആത്മീയ വീഥിയിലും നിഷ്‌കാമ കര്‍മ്മിയായി.

ധാരാളം കഥകളും കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോള്‍ അവയ്‌ക്കൊക്കെയും പുസ്തകരൂപം കൊടുക്കുവാനുള്ള തിരക്കിലാണ്
റഷീദ് കെ മുഹമ്മദ്.

ദാര്‍ശനീക മൂല്യങ്ങള്‍ മുന്‍നിറുത്തി റഷീദ് എഴുതിയ’ഒറ്റയ്‌ക്കൊരാള്‍’ ‘നോക്കിയാല്‍ കാണാത്ത ആകാശം ‘ എന്നീ നോവലുകള്‍ മലയാള സാഹിത്യ മണ്ഡലങ്ങളില്‍ ശ്രദ്ധേയമായി. ഗ്രീന്‍ ബുക്‌സ് ആയിരുന്നു പ്രസാധകര്‍.

സാഹിത്യ കാരന്മാരായ പി സുരേന്ദ്രന്‍ , കെ പി രാമനുണ്ണി ടി ഡി രാമകൃഷ്ണന്‍ സച്ചിദാനന്ദന്‍ തുടങ്ങിയവരുമായി ഉണ്ടായ സൗഹൃദം റഷീദ് കെ മുഹമ്മദിന് സാഹിത്യ ലോകത്ത് സജീവമായി നില്‍ക്കുവാനുള്ള പ്രചോദനം നല്‍കി.

‘അയനാന്തരങ്ങള്‍’ (നോവല്‍) ‘മീനമാസത്തിലെ നട്ടുച്ച സൂര്യന്‍’ (കവിതാ സമാഹാരം) ‘തിരികെ ഒഴുകുന്ന പുഴകള്‍ ‘(കഥാ സമാഹാരം), ‘മഷി തെറിച്ച പുസ്തകം ‘(ലേഖനങ്ങള്‍ ) തുടങ്ങിയ പുസ്തകങ്ങള്‍ ഒന്നൊന്നായി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

നിരവധി അവാര്‍ഡുകള്‍ വാങ്ങിച്ചിട്ടുള്ള ഫോട്ടോഗ്രാഫറും സംസ്ഥാന അംഗീകാരമുള്ള കളരി ഗുരുക്കളുമായ റഷീദ് ഇപ്പോള്‍ പ്രവാസിയായി ഖത്തറില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

ഭാര്യ രഹന റഷീദ് ആം റെസ്ലിംഗില്‍ ദേശീയ സ്വര്‍ണ്ണ മെഡല്‍ നേടിയ ജേതാവാണ്.ഇപ്പോള്‍ ഫിറ്റ്‌നെസ്സ് ട്രൈനറായി ജോലി ചെയ്യുന്നു.
മക്കളായ അദ്‌നാന്‍ ബിന്‍ അബ്ദു റഷീദ് അഫ്‌നാന്‍ ബിന്‍ അബ്ദു റഷീദ് എന്നിവരും സംസ്ഥാന ദേശീയ പഞ്ച ഗുസ്തി വിജയികളാണ്.
മകള്‍ അല്‍മ ബിന്‍ത് അബ്ദു റഷീദ് ചെറിയ കുട്ടിയാണ്.

എഴുത്തും കരുത്തും ഇഴചേര്‍ന്ന കുടുംബമാണ് റഷീദ് കെ മുഹമ്മദിന്റേത്.

ഖത്തര്‍ എഴുത്തുകാരുടെ സംഘടനയായ ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം മെമ്പര്‍ കൂടിയായ റഷീദ് കെ മുഹമ്മദ് സാഹിത്യ രചനയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ഖത്തറിലും സജീവമായി മുന്നോട്ടു പോകുന്നു.

Related Articles

Back to top button
error: Content is protected !!