ഖത്തര്‍ ചാരിറ്റിയുടെ മല്‍ഖ റൂഹി ചികിത്സ നിധിയിലേയ്ക്ക് 125112 ഖത്തര്‍ റിയാല്‍ കൈമാറി ഖത്തര്‍ സംസ്‌കൃതി
ദോഹ : ഖത്തര്‍ ചാരിറ്റിയുടെ മല്‍ഖ റൂഹി ചികിത്സ നിധിയിലേയ്ക്ക് 125112 ഖത്തര്‍ റിയാല്‍ കൈമാറി ഖത്തര്‍ സംസ്‌കൃതി. ഖത്തര്‍ പ്രവാസികളായ മലയാളി ദമ്പതികളുടെ എസ്.എം.എ ബാധിതയായ മല്‍ഖ റൂഹിക്കു മരുന്നെത്തിക്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ 1.16 കോടി റിയാല്‍ ധനശേഖരണത്തിന് പിന്തുണ നല്‍കി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുകയാണ് ഭാരവാഹികള്‍ ഖത്തര്‍ ചാരിറ്റി അധികൃതര്‍ക്ക് കൈമാറിയത് .
ലുസൈല്‍ ഖത്തര്‍ ചാരിറ്റി ആഫീസില്‍ വെച്ച് സംസ്‌കൃതി ജനറല്‍ സെക്രെട്ടറി ഷംസീര്‍ അരിക്കുളം പ്രസിഡന്റ് സാബിത് സഹീര്‍ എന്നിവരില്‍ നിന്ന് ഖത്തര്‍ ചാരിറ്റി റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് വിഭാഗം ഡയരക്ടര്‍ അലി അല്‍ ഗരീബ് ആണ് ചെക്ക് സ്വീകരിച്ചത്.ചടങ്ങില്‍ സെക്രട്ടറി അബ്ദുല്‍ അസീസ് , സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറി ജലീല്‍ കെ ,മുന്‍ പ്രസിഡന്റ്മാരായ എ.സുനില്‍ ,അഹമ്മദുകുട്ടി,സംസ്‌കൃതി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ:പ്രതിഭ രതീഷ്,ജിജെഷ് ,സതീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു .
സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ബിരിയാണി ചലഞ്ചില്‍ പതിനൊന്നു യൂണിറ്റുകള്‍ നാനൂറോളം വളന്റിയേര്‍സിന്റെ സഹകരണത്തോടെ 9258 ബിരിയാണി പൊതികള്‍ ആണ് ഖത്തറിലെ വിവിധ പ്രവിശ്യകളിലായി വിതരണം ചെയ്തത് .