ഹരിഹരന്റെ ഗസല്‍ ആലാപനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടി ബേ മിസാല്‍ ദോഹയില്‍
ദോഹ. പത്മശ്രീ ഹരിഹരന്‍ ഗസല്‍ ആലാപന രംഗത്ത് അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടിയായ ബേമിസാല്‍ ഖത്തറിലും അരങ്ങേറുന്നു. ഒക്ടോബര്‍ പതിനൊന്നു വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ മയാസ തിയേറ്ററില്‍ ആണ് സംഗീത രംഗത്തെ വേറിട്ട അനുഭവമായ ഈ പരിപാടി കൊടിയേറുക. ഗസല്‍, മെലഡി മേഖലകളില്‍ നിരവധി ഷോകള്‍ സംഘടിപ്പിച്ചിട്ടുള്ള ദോഹ ദര്‍ബാര്‍ ആണ് ഹരിഹരന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായ ബേമിസാല്‍ ഖത്തറില്‍ എതിര്‍ക്കുന്നത്.
ഖബീല വെസ്റ്റ് ബേ ഹോട്ടലില്‍ നടന്ന ഈയൊരു പരിപാടിയുടെ പ്രഖ്യാപനച്ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഷാനവാസ് ഷെറാട്ടന്‍ ഉള്‍പ്പെടെ ഖത്തറിലെ വാണിജ്യ – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, ഐ ബി പി സി മുന്‍ പ്രസിഡന്റ് അസീം അബ്ബാസ്, ഐ സി സി മുന്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, അജി കുര്യാക്കോസ്, രവി ശങ്കര്‍, സന്തോഷ്, ഗോപാല്‍ സുബ്രമണ്യം, മുഹമ്മദ് ഇസ്മായില്‍, ജിഫിന്‍ ജാഫര്‍, കിരണ്‍ എന്നിവര്‍ ചേര്‍ന്ന് പ്രോഗ്രാമിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തു. ചടങ്ങില്‍ ദോഹ ദര്‍ബാര്‍ ചെയര്‍മാന്‍ സ്വാഗതവും, ഇവന്റ് മാനേജ്‌മെന്റ് പാര്‍ട്ണര്‍ ആയ റഹീപ് മീഡിയയുടെ ചീഫ് ഷാഫി പാറക്കല്‍ പരിപാടിയെക്കുറിച്ചുള്ള വിശദീകരണവും നടത്തി. ഉഷാ രവിശങ്കര്‍, അഹ്‌മദ് ആസിഫ്, ഫെമിന, തോല്‍ക്കപ്പന്‍, കവിത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. റേഡിയോ അവതാരകന്‍ ഷത്സാര്‍ ആയിരുന്നു പരിപാടി നിയന്ത്രിച്ചത്. സകീര്‍ സരിഗ, അല്‍ സാബിത് എന്നിവരുടെ ഗസല്‍ സദസ്സും ഉണ്ടായിരുന്നു. അബ്ദുല്‍ ഖാദര്‍, റോഷ് മിലന്‍, ബിനു സ്വസ്തി, ശ്രീകാന്ത്, സമീഷ് എന്നീ സംഗീതകാരന്മാര്‍ ഗായകര്‍ക്ക് ഉപകരണ സംഗീതത്തില്‍ അകമ്പടിയേകി.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഇരുപതിലേറെ സ്റ്റേജുകളില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന ഈ സംഗീത വിസ്മയത്തിന്റെ ആദ്യ ഷോ ഈ വര്‍ഷം ജനുവരിയില്‍ കോഴിക്കോട് നടന്നിരുന്നു. നഗരം ദര്‍ശിച്ചതില്‍ ഏറ്റവും മികച്ച സംഗീത പരിപാടികളില്‍ ഒന്നായ ബേമിസാല്‍ കാണാന്‍ എണ്ണായിരത്തില്‍ പരം ആരാധകരായിരുന്നു സ്വപ്ന നഗരിയിലേക്ക് ഒഴുകിയെത്തിയത്. ബേമിസാലിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഷോ ആയിരിക്കും ദോഹയില്‍ അരങ്ങേറുക. പ്രോഗ്രാമിന്റെ കൂടുതല്‍ വിവരങ്ങള്‍ തയ്യാറായി വരുന്നതായും താല്‍പര്യമുള്ളവര്‍ക്ക് 50709596 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും ദോഹ ദര്‍ബാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.