
പുസ്തകപ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു
ദോഹ: പ്രവാസ കവി അബ്ദുല്‍ അസീസ് മഞ്ഞിയിലിന്റെ കവിതാസമാഹാരം ‘മഞ്ഞുതുള്ളികള്‍’ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ സംഘടിപ്പിച്ച പ്രൗഡമായ സാഹിത്യ സദസ്സില്‍
ഫോറം ജനറല്‍ സെക്രട്ടരി ഹുസ്സൈന്‍ കടന്നമണ്ണ പ്രകാശനം ചെയ്തു. തനിമ ഖത്തര്‍ അസി.ഡയറക്ടര്‍ അനീസ് കൊടിഞ്ഞി ഏറ്റുവാങ്ങി. എഴുത്തുകാരനും ഫോറം അഡൈ്വസറി ബോര്‍ഡ് അംഗവുമായ എം.ടി നിലമ്പൂര്‍ പുസ്തകം പരിചയപ്പെടുത്തി.
മലബാറിന്റെ കവന വരദാനങ്ങളിലൊരാളായിരുന്ന എസ്.വി. ഉസ്മാന്‍ എഴുതിയ കവിതാസമാഹാരം ‘വിത’ ഖത്തര്‍ കെ എം സി സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും വാഗ്മിയുമായ എസ് എ എം ബഷീര്‍ പരിചയപെടുത്തി. എസ് വി ഉസ്മാന്റെ പിതൃസഹോദരിപുത്രിയും ഫോറം സെക്രട്ടറിയുമായ ഷംനാ ആസ്മി കവിയുമായുള്ള കുട്ടിക്കാലത്തെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ പങ്കുവെച്ചു.
ഡോക്ടര്‍ എ.പി. ജഅഫറിന്റെ അനുഭവാവിഷ്‌ക്കാര കൃതി ‘മലകളുടെ മൗനം’ എക്‌സിക്യുട്ടീവ് അംഗം മജീദ് തറമ്മല്‍ പരിചയപ്പെടുത്തി. ഗ്രന്ഥകര്‍ത്താവ് ഡോ. ജഅഫര്‍ കൃതിയുടെ രചനാപശ്ചാത്തലവും തന്റെ എഴുത്തനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു.
എക്‌സിക്യുട്ടീവ് അംഗം തന്‍സിം കുറ്റ്യാടി, ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര, സുനില്‍ പെരുമ്പാവൂര്‍, സുബൈര്‍ കെ കെ, മുഹമ്മദ് ഖുതുബ് തുടങ്ങിയവര്‍ സദസ്സുമായി സംവദിച്ചു.
ഫോറം ആക്ടിംഗ് പ്രസിഡണ്ട് അഷറഫ് മടിയാരി അദ്ധ്യക്ഷനായ ചടങ്ങില്‍ എക്‌സിക്യൂട്ടീവ് അംഗം അബ്ദുസ്സലാം മാട്ടുമ്മല്‍ സ്വാഗതവും സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു. എക്‌സിക്യുട്ടീവ് അംഗം
മുഹമ്മദ് ഹുസ്സൈന്‍ വാണിമേല്‍ മോഡറേറ്റര്‍ ആയിരുന്നു.