Local News

ആവേശത്തിരയിളക്കി പൂനൂര്‍ കാര്‍ണിവല്‍ സമാപിച്ചു

ദോഹ:കോഴിക്കോട് ജില്ലയിലെ പൂനൂര്‍ പ്രദേശത്തുകാരുടെ കൂട്ടായമായ പാസ് ഖത്തര്‍ (പൂനൂര്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസസ് ഖത്തര്‍) സംഘടിപ്പിച്ച പൂനൂര്‍ കര്‍ണിവല്‍ സമാപിച്ചു. ഖത്തര്‍ സിമയിസ്മ യിലെ ലീവാന്‍ റിസോര്‍ട്ടില്‍ നടന്ന സംഗമം പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി.ഉച്ചക്ക് 12 മണിക്ക് അംഗങ്ങളുടെ രജിസ്‌ട്രേഷനോട് കൂടി ആരംഭിച്ച സംഗമം രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ മത്സര പരിപാടികള്‍ സംഘടിപ്പിച്ചു. രജിസ്റ്റര്‍ ചെയ്തവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സര പരിപാടികള്‍. ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രൂപ്പുകള്‍ക്ക് യഥാക്രമം പാസ് ഗോള്‍ഡ്, പാസ് സില്‍വര്‍ എവറോളിംഗ് ട്രോഫികള്‍ വിതരണം ചെയ്തു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും നല്‍കി. പ്രോഗ്രാമിനിടയില്‍ വിവിധ സമയങ്ങളിലായി നടന്ന ലക്കി ഡ്രോകളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ട്രാവലര്‍ ട്രോളി ബാഗുകള്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ നല്‍കി.

പാസ് കാര്‍ണിവല്‍ ഉദ്ഘാടനം മിഡില്‍ ഈസ്റ്റിലെ പ്രമുഖ വ്യവസായിയും പൂനൂര്‍ സ്വദേശിയുമായ പി.എസ് അയ്യൂബ് അലി നിര്‍വ്വഹിച്ചു. പാസ് പരിചയപ്പെടുത്തലും 2025-2027 വര്‍ഷത്തേക്കുള്ള കമ്മിറ്റിയുടെ പ്രഖ്യാപനവും പാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ് അസ്ഹര്‍ അലി നിര്‍വ്വഹിച്ചു. ഡോ. ജമാല്‍ ഞാറപ്പൊയില്‍, അബ്ദുല്‍ കരീം തുമ്പോണ, എ.കെ. ജബ്ബാര്‍ മാസ്റ്റര്‍ ആപ്പാടന്‍കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവര്‍ക്കുള്ള പാസ് ഖത്തര്‍ ന്റെ ആദരിക്കല്‍ ചടങ്ങിനും പാസ് കാര്‍ണിവല്‍ വേദി സാക്ഷിയായി. ഖത്തറിലെ ബിസിനസ്സ് രംഗത്ത് മുഖമുദ്ര പതിപ്പിച്ച പൂനൂരില്‍ നിന്നുമുള്ള ബിസിനസ്സ് സംരംഭകരായ ഡോ. വി.ഒ.ടി അബ്ദുറഹിമാന്‍ – അല്‍സുല്‍ത്താന്‍ പ്രീമിയം മെഡിക്കല്‍ സെന്റര്‍, അബ്ദുല്‍ കരീം തുമ്പോണ – ടി.എം.ടി പ്രോപ്പര്‍ട്ടീസ്, ഷബീര്‍ ശംറാസ് – ജാസ് ഗ്രൂപ് ഓഫ് കമ്പനീസ്, ഡോ. ജമാല്‍ ഞാറപ്പൊയില്‍ – അവെന്യൂസ് മെഡിക്കല്‍ സെന്റര്‍, പി.എസ് അസ്ഹര്‍ അലി – അല്‍ അബ്രാജ് ഗ്രൂപ്പ്, മന്‍സിബ് ഇബ്രാഹിം – ലണ്ടന്‍ എഡ്യൂക്കേഷന്‍ സെന്റര്‍ എന്നിവര്‍ക്കാണ് പാസ് ബിസിനസ് എക്‌സലന്‍സി അവാര്‍ഡുകള്‍ സമ്മാനിച്ചത്. പാസ് പ്രസിഡണ്ട് ഷബീര്‍ ശംറാസ് , ജനറല്‍ സെക്രട്ടറി കലാം അവേലം സെക്രട്ടറി ഷഫീഖ് ശംറാസ് എന്നിവര്‍ സംസാരിച്ചു.

വിവിധ തരം ഗെയിംസ് മത്സരങ്ങളും കമ്പവലി മത്സരവും നടന്നു. പൂനൂരിലെ പഴയ കാല ഓര്‍മ്മകള്‍ അയവിറക്കാന്‍ അവസരം ഒരുക്കിയ ‘പൂനൂര്‍ തട്ടുകട’ പ്രോഗ്രാമിലെ ആഘര്‍ഷകമായി. സ്‌കൂള്‍ ഇടവേളകളില്‍ സമീപമുള്ള പെട്ടിക്കടകളില്‍ കാണുന്ന തിരക്കിനെ വെല്ലുന്നതായിരുന്നു ‘പൂനൂര്‍ തട്ടുകട’ യിലെ തിക്കും തിരക്കും.

പ്രോഗ്രാം സമയങ്ങളിലുടനീളം രുചിയൂറും ഭക്ഷണവും വിതരണം ചെയ്തു. കൊടിയ തണുപ്പിനെ പ്രതിരോധിക്കാന്‍ ക്യാമ്പ് ഫയറും ലൈവ് സ്നാക്സ് ആന്‍ഡ് ടീ കൗണ്ടറും ഒരുക്കിയിരുന്നു.

ഖത്തര്‍ പെര്‍മനന്റ് റസിഡന്‍സി കരസ്ഥമാക്കിയ ഡോ. വി.ഓ.ടി അബ്ദുറഹ്‌മാനുള്ള പാസ് ടോപ് അചീവര്‍ അവാര്‍ഡും അബെര്‍ദീന്‍ യൂണിവേഴ്‌സിറ്റി സ്‌കോട്‌ലാന്‍ഡില്‍ നിന്നും ഹോണററി ഡിഗ്രി നേടിയ വഫ റഹ്‌മാനുള്ള പാസ് എഡ്യൂക്കേഷണല്‍ എക്‌സലന്‍സി അവാര്‍ഡും വേദിയില്‍ വെച്ച് നല്‍കി.

പൂനൂര്‍ കാര്‍ണിവലില്‍ മല്‍ഹാര്‍ ഗ്രൂപ്പിന്റെ ഗംഭീരമായ ഇശല്‍ സന്ധ്യ ഉണ്ടായിരുന്നത് കാണികളെ ഏറെ ആവേശം കൊള്ളിച്ചു. പരിപാടിയുടെ തലവാചകമായ ‘പൂനൂരുകാര്‍ക്കായി ഒരു ആഘോഷ ദിനം’ എന്ന തലക്കെട്ടിനെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്നതായിരുന്നു പ്രോഗ്രാമുകള്‍. പ്രവാസ ജീവിതത്തിലെ യാന്ത്രിക ജീവിതത്തിന് അവധി നല്‍കി ഒരു ദിവസം മുഴുവനും ആഘോഷ നിമിഷങ്ങള്‍ സമ്മാനിച്ച പാസ് കാര്‍ണിവല്‍ പങ്കെടുത്തവരെ മനസ്സു നിറയെ സന്തോഷവും, കൈനിറയെ സമ്മാനപ്പൊതികളുമായാണ് യാത്രയാക്കിയത്.
പി.എസ് അസ്ഹര്‍ അലി, ഷബീര്‍ ശംറാസ്, ഡോ. ജമാല്‍, അബ്ദുല്‍ കരീം തുമ്പോണ, ഡോ.ഹസ്സന്‍ കുട്ടി, കാസിം ഹാജി കാന്തപുരം, സംഘാടക സമിതി അംഗങ്ങളായ കലാം അവേലം, ഷഫീഖ് ശംറാസ്, ഷംസീര്‍ സി.പി, അഫ്നാസ് ഉണ്ണികുളം, ജുനൈദ് ലാബ്, ആഷിഖ് ഹാഫില, മുബഷിര്‍ എസ്റ്റേറ്റ് മുക്ക്, ഷഹ്സാദ് വി.എം, അര്‍ഷാദ് വി.കെ, ഗഫൂര്‍ കോളിക്കല്‍, ആരിഫ് കോളിക്കല്‍, ജംഷി കോളിക്കല്‍, ജുനൈദ് എ.കെ, ശരീഫ് മടത്തുംപൊയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷെറിന്‍ ഷഫീക്, ഫര്‍ഹാന ജുനൈദ്, അസ്ന സംശീര്‍, ഷഹറ ആഷിഖ്, ഫെബിന എന്നിവര്‍ വനിതാ വിഭാഗം മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പൂനൂര്‍ ദേശത്തുകാരായ ഖത്തറിലുള്ളവര്‍ക്ക് കൂട്ടായിമയില്‍ പങ്കു ചേരാന്‍ 66094991,33105963,55748979 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!