വയനാട് പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കണം – പ്രവാസി വെല്‍ഫെയര്‍ സാമൂഹിക സംഗമം

ദോഹ. ഒരു നാടിനെയാകെ ഭൂപടത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞ വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍ ദുരന്തം നടന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പുനരധിവാസം എങ്ങുമെത്താത്ത നിലയിലാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും പ്രവര്‍ത്തിക്കണമെന്നും പ്രവാസി വെല്‍ഫയര്‍ വയനാട്; പുനരധിവാസം പെരുവഴിയില്‍ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സാമൂഹിക സംഗമം അഭിപ്രായപ്പെട്ടു. ദുരിതത്തിന് ഇരയായവര്‍ അവരുടെ ഉറ്റവരും ജീവനോപാധികളും നഷ്ടപ്പെട്ട് ഇന്നും വാടക വീടുകളില്‍ ജീവിതം തള്ളി നീക്കുകയാണ്. നാമമാത്രമായ സംഖ്യയാണ് വാടകയിനത്തില്‍ ലഭിക്കുന്നതെന്നതിനാല്‍ പരിമിതമായ സൗകര്യങ്ങളില്‍ ഞെരുങ്ങിയാണ് പല കുടുംബങ്ങളും കഴിഞ്ഞുകൂടുന്നത്. പുനരധിവാസത്തിനായി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം നന്മേഛുക്കള്‍ ഭീമമായ സംഖ്യയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഒരു വര്‍ഷം പിന്നിട്ടിട്ടും ആകെ ഒരു മാതൃകാ വീട് മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ടൗണ്‍ഷിപ്പിനെ കുറിച്ച് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആരോപണങ്ങളില്‍ ജനങ്ങള്‍ക്കുള്‍ല ആശങ്കയകറ്റണം. ഈ ദുരിതത്തില്‍നിന്ന് പെട്ടെന്ന് കരകയറി പെട്ടെന്ന് സ്വന്തമായൊരു വീടെന്ന സ്വപനം പൂവണിയാന്‍ സന്നദ്ധ സംഘടനകള്‍ നിര്‍മ്മിക്കുന്ന വീടൂകള്‍ സ്വീകരിക്കാന്‍ തയ്യാറായവര്‍ക്ക് മാസം തോറും നല്‍കിവരുന്ന സര്‍ക്കാര്‍ സഹായവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ദുരന്തം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തുച്ഛമായ സംഖ്യ സഹായം നല്‍കി എന്നതൊഴിച്ച് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടില്ല. ദുരന്ത സമയത്ത് വിവിധ പുനരധിവാസ പദ്ധതികള്‍ പലരും പ്രഖ്യാപിച്ചിരുന്നു. അതൊക്കെ പ്രഖ്യാപനങ്ങളിലൊതുങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. അവരെയൊക്കെ ഏകോപിപ്പിച്ച് സമയബദ്ധിതമായി പുനരധിവാസം പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് അവരെ എത്തിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. കല്പറ്റ എം.എല്‍.എ ടി സിദ്ധീഖ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഗമത്തെ അഭിസംബോധന ചെയ്തു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മജീദലി മുഖ്യ പ്രഭാഷണം നടത്തി. മുണ്ടക്കൈ സ്വദേശികളായ അനസ്, ജംഷീദ്, ജയിംസ്, ഹാരിസ് വയനാട്, ബിന്‍ഷാദ് പുനത്തില്‍, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ സ്വാഗതവും മലപ്പുറം ജില്ലാ പ്രസിഡണ്ട് അമീന്‍ അന്നാര നന്ദിയും പറഞ്ഞു.


