ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണം മധ്യസ്ഥ ശ്രമങ്ങളെ ബാധിക്കില്ല

ദോഹ. ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണം ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തും യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി ചേര്‍ന്ന് ഖത്തര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ബാധിക്കില്ലെന്ന് ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ ബിന്‍ ജാസിം അല്‍ ഥാനി അഭിപ്രായപ്പെട്ടു.
നാളെ ദോഹയില്‍ നടക്കാനിരിക്കുന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ മുന്നോടിയായി നടന്ന വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണം അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെയും നയതന്ത്ര, ധാര്‍മ്മിക മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണ്.
ഇസ്രായേലിനെ അപലപിക്കുന്നതിലും ഖത്തറിനെ പിന്തുണയ്ക്കുന്നതിലും സുരക്ഷാ സമിതി സ്വീകരിച്ച കൂട്ടായ നിലപാടിനെ മന്ത്രി അഭിനന്ദിച്ചു.
ദോഹയിലെ ആക്രമണത്തിലൂടെ അന്താരാഷ്ട്ര നിയമം ലംഘിച്ച ഇസ്രായേലിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുകയും ക്രിയാത്മക രീതിയില്‍ പ്രതികരിക്കാതെയുമിരുന്നാല്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ക്കത് പ്രോത്സാഹനമാകുമെന്ന് മന്ത്രി പറഞ്ഞു.
ഇസ്രായേല്‍ ആക്രമണം ചര്‍ച്ചകളെ ബാധിക്കില്ലെന്നും ഈ കിരാത ആക്രമണത്തെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.



