ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയും അക്കാദമിക, ഗവേഷണ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണാപത്രം ഒപ്പുവച്ചു

ദോഹ. ഖത്തറിലെ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസും കേരളത്തിലെ പ്രശസ്തമായ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയും അക്കാദമിക, ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒരു ധാരണാപത്രം ഒപ്പുവച്ചു. ഇന്‍ഡോ അറബ് സാംസ്‌കാരിക, ബൗദ്ധിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സംയുക്ത വിദ്യാഭ്യാസ, ഗവേഷണ സംരംഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഈ കരാര്‍ ലക്ഷ്യമിടുന്നു.
സെപ്റ്റംബര്‍ 23 ന് ദോഹയില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രം ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസ് പ്രസിഡന്റ് ഡോ. ഡോ.അബ്ദുല്‍ വഹാബ് അല്‍ അഫന്തിയും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയും ഇരു സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. അധ്യാപക-വിദ്യാര്‍ത്ഥി വിനിമയം, മാനവികശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഗവേഷണ സഹകരണം എന്നിവ ഈ കരാര്‍ ഉള്‍ക്കൊള്ളുന്നു.
ഇസ്ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റീസ് എന്നിവയില്‍ നേരത്തെ തന്നെ ദാറുല്‍ ഹുദാക്ക് അംഗത്വമുണ്ട്. ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, അല്‍ അസ്ഹര്‍ ഈജിപ്ത്, സൈത്തൂന ടുണീഷ്യ, സുല്‍ത്താന്‍ ശരീഫ് അലി ഇസ്ലാമിക് യൂനിവേഴ്സിറ്റി ബ്രൂണെ, റേട്ടര്‍ഡാം ഇസ്ലാമിക് സര്‍വകലാശാല നെതര്‍ലാന്‍ഡ്സ്, അല്‍ ഖറാവിയ്യിന്‍ യൂണിവേഴ്‌സിറ്റി മൊറോക്കോ തുടങ്ങിയ നിരവധി രാജ്യാന്തര സര്‍വകലാശാലകളുമായി ദാറുല്‍ഹുദാക്ക് നിലവില്‍ സഹകരണമുണ്ട്.
2015-ല്‍ ഖത്തറില്‍ സ്ഥാപിതമായ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസ്, സാമൂഹിക ശാസ്ത്രം, മാനവികത, സാമ്പത്തിക ശാസ്ത്രം, ഭരണം, പൊതുനയം എന്നിവയില്‍ എംഎ, പിഎച്ച്ഡി പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു സ്വതന്ത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്.
ഈ കരാര്‍ ദക്ഷിണേഷ്യയും അറബ് ഗള്‍ഫും തമ്മിലുള്ള അക്കാദമിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ്. ഇരു സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് വിദഗ്ധര്‍ക്കും പുതിയ അവസരങ്ങള്‍ തുറക്കാന്‍ ഇത് സഹായകമാകും. നിലവില്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പ്രോഗ്രാമുകളില്‍ പഠിക്കുന്നുണ്ട്.

