ആയുര്‍വേദ ദിനം ആഘോഷമാക്കി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ‘ആയുര്‍വേദ ഫോര്‍ പീപ്പിള്‍ & പ്ലാനറ്റ്’ എന്ന പ്രത്യേക പ്രമേയത്തില്‍ ആയുര്‍വേദ ദിനം ആഘോഷിച്ചു. സമഗ്ര ആരോഗ്യവും പരിസ്ഥിതി സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതില്‍ ആയുര്‍വേദത്തിന്റെ പ്രാധാന്യവും അതിന്റെ പ്രസക്തിയും പരിപാടിയില്‍ എടുത്തുകാട്ടി. ബുധനാഴ്ച ഫിയസ്റ്റയിലാണ് ഈ ആഘോഷം നടന്നത്.
ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി (ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍ & എഡ്യൂക്കേഷന്‍) ബിന്ദു എന്‍. നായര്‍ മുഖ്യാതിഥിയായിരുന്നു. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ആയുര്‍വേദ തത്വങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
‘ആയുര്‍വേദ ഫോര്‍ പീപ്പിള്‍ & പ്ലാനറ്റ്’ എന്ന വിഷയത്തില്‍ ഡോ. ഫസീഹ അഷ്‌കര്‍ ഒരു പ്രത്യേക സെഷന്‍ നടത്തി. സുസ്ഥിര ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി പങ്കെടുത്തവര്‍ക്ക് ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്തു.
ഐസിസി അഫിലിയേഷന്‍ മേധാവി രവീന്ദ്ര പ്രസാദ് സ്വാഗതവും ഐസിസി ഇന്‍-ഹൗസ് ആക്ടിവിറ്റീസ് മേധാവി വെങ്കപ്പ ഭാഗവതുല നന്ദിയും പറഞ്ഞു.
