ചാലിയാര്‍ ഉത്സവം 2025 നവംബര്‍ 21 ന് നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

ദോഹ: ചാലിയാര്‍ ദോഹയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെഡക്‌സ് കാര്‍ഗോ പ്രെസെന്റ്‌സ് ചാലിയാര്‍ ഉത്സവം 2025 നവംബര്‍ 21-ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ അല്‍ വുകൈര്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചാലിയാര്‍ ദോഹ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ചാലിയാര്‍ പുഴയുടെ തീരത്തുള്ള ഇരുപതിനാല് പഞ്ചായത്തുകളുടെ കൂട്ടായ്മയാണ് പരിസ്ഥിതി സംഘടനയായ ചാലിയാര്‍ ദോഹ.
പതിനാലാം രാവ് ടൈറ്റില്‍ വിന്നറും, പിന്നണി ഗായകരുമായ ബാദുഷയും സല്‍മാനും നയിക്കുന്ന സംഗീതവിരുന്നും, ചാലിയാര്‍ ദോഹയുടെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, സ്‌കിറ്റ്, കോല്‍ക്കളി, തിരുവാതിര, മാര്‍ഗംകളി, മൈമ് തുടങ്ങിയ സ്റ്റേജ് പ്രോഗ്രാമുകളുമായിരിക്കും ചാലിയാര്‍ ഉത്സവത്തിന്റെ ഹൈലൈറ്റ്. പ്രവേശനം സൗജന്യമായിരിക്കും.
ചാലിയാര്‍ ഉത്സവം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മഷ്ഹൂദ് വി സി തിരുത്തിയാട്, ചാലിയാര്‍ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ് ചെറുവാടി, ജനറല്‍ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രെഷറര്‍ അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, സെഡക്‌സ് കാര്‍ഗോ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ഷാറാ ഹാഷ്മി, മറൈന്‍ എയര്‍ കണ്ടീഷനിങ് ആന്‍ഡ് റഫ്രിജറേഷന്‍ കമ്പനി എം ഡിയും ചാലിയാര്‍ ദോഹ മുഖ്യ രക്ഷാധികാരിയുമായ ഷൌക്കത്തലി ടി എ ജെ, ചീഫ് അഡൈ്വസര്‍ സമീല്‍ അബ്ദുല്‍ വാഹിദ്, മീഡിയ വിംഗ് ചെയര്‍മാന്‍ അഹ്‌മദ് നിയാസ് മൂര്‍ക്കനാട്, വനിതാ വിംഗ് പ്രസിഡന്റ് മുഹ്‌സിന സമീല്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.