പാട്ടിന്റെ പാലാഴി തീര്‍ത്ത് അജ്മല്‍ മുഹമ്മദിന്റെ സംഗീത യാത്ര

അമാനുല്ല വടക്കാങ്ങര
ഖത്തര്‍ പ്രവാസിയായ അജ്മല്‍ മുഹമ്മദ് പാട്ടിന്റെ പാലാഴി തീര്‍ത്ത അനുഗ്രഹീത ഗായകനാണ്. പുതിയ കാലത്തിന്റെ ഒച്ചപാടുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നുമൊക്കെ മാറി നിന്ന് എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന മെലഡികളും ഗസലുകളുമൊക്കെയാണ് ഈ ചാവക്കാടുകാരന് പ്രിയം.

രണ്ട് മൂന്ന് സിനിമകളിലും അര ഡസനിലധികം സംഗീത ആല്‍ബങ്ങളിലും പാടിയ അജ് മല്‍ പ്രശസ്ത ഗായകരോടൊപ്പം നിരവധി സ്റ്റേജ് ഷോകളുടേയും ഭാഗമായിട്ടുണ്ട്. കെ.എസ്. ചിത്ര, ഗോപി സുന്ദര്‍, സുജാത തുടങ്ങിയ നിരവധി പേരോടൊപ്പം ഗള്‍ഫ് വേദികളില്‍ പാടാനവസരം ലഭിച്ച ഈ കലാകാരന്‍ കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി ഖത്തര്‍ പ്രവാസിയാണ്.

കേരളത്തിലെ ഗള്‍ഫെന്നറിയപ്പെടുന്ന ചാവക്കാടാണ് അജ്മല്‍ ജനിച്ചത്. കുഞ്ഞി മുഹമ്മദ് ഹാജറ ദമ്പതികളുടെ മകനായി ജനിച്ച അജ്മല്‍ ബികോമും മാസ്റ്റര്‍ ഡിപ്‌ളോമ ഇന്‍ ഫിലിം മേക്കിംഗും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗുമൊക്കെ പഠിച്ചിട്ടുണ്ട്. 2017 ല്‍ യുവ അവാര്‍ഡ്‌സ് വേദിയില്‍ പാടാനാണ് ആദ്യമായി ഖത്തറിലെത്തിയത്. റേഡിയോ മലയാളത്തിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാനവസരം ലഭിച്ച അജ്മല്‍ പക്ഷേ ഖത്തറില്‍ അധികം വേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല.

സംഗീത പാരമ്പര്യവും ആഭിമുഖ്യവുമുള്ള കുടുംബത്തില്‍ ജനിച്ചത് അജ്മലിന്റെ സംഗീത ജീവിതത്തിന് ഗുണകരമായി. വാപ്പയും ഉമ്മയുടെ കുടുംബവുമൊക്കെ പാട്ടുമായി ബന്ധമുള്ളവരാണ്.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ലളിത ഗാനങ്ങള്‍ പാടി സമ്മാനം നേടിയ അജ്മല്‍ പട്ടുറുമാല്‍, മൈലാഞ്ചി തുടങ്ങിയ മ്യൂസിക് റിയാലിറ്റി ഷോകളിലും മികവ് തെളിയിച്ചിട്ടുണ്ട്.

യു.എ.ഇ യില്‍ നടന്ന ഏഷ്യാ വിഷന്‍ അവാര്‍ഡ് നൈറ്റുകളിലും അജ്മല്‍ പങ്കെടുത്തിട്ടുണ്ട്.
സുജാതയുടെ പിന്തുണയോടെ വിദ്യാ സാഗറിന്റെ സംഗീത സംവിധാനത്തില്‍ ഗീതാജ്ഞലി എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ദീപക് ദേവിന്റെ സംഗീത സംവിധാനത്തില്‍ ലാവണ്ടര്‍ എന്ന ചിത്രത്തിലും അജ്മല്‍ പിന്നണി പാടിയിട്ടുണ്ട്. ജുബൈര്‍ മുഹമ്മദിന്റെ വവ്വാലും പേരക്കയും എന്ന ചിത്രമാണ് അജ് മല്‍ പിന്നണി പാടിയ മറ്റൊരു ചിത്രം.

ഖത്തറില്‍ ഡോ.റഷീദ് പട്ടത്ത് സംഘടിപ്പിച്ച ഗ്രാമഫോണ്‍ സീസണ്‍ രണ്ടില്‍ ശ്രദ്ധേയമാ ഗാനങ്ങള്‍ അവതരിപ്പിച്ച അജ്മല്‍ അടുത്ത മാസം നടക്കുന്ന സീസണ്‍ മൂന്നിനുള്ള തയ്യാറെടുപ്പിലാണ്.

കുറച്ച് കാലം സംഗീതം പഠിച്ച അജ്മല്‍ ബി.കെ.ഹരിനാരായണന്‍, ശ്യാം ധര്‍മന്‍ തുടങ്ങിയ ശ്രദ്ധേയരായ സംഗീത സംവിധായര്‍ ചിട്ടപ്പെടുത്തിയ പാട്ടുകളും പാടിയിട്ടുണ്ട്.

യൂസുഫ് ലെന്‍സ്മാന്‍ , റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍, റേഡിയോവിലെ സഹപ്രവര്‍ത്തകര്‍, മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ് സിന്‍ തളിക്കുളം , സമദ് ട്രൂത്ത് , തന്റെ അമ്മാവന്മാരായ ബക്കര്‍, സുലൈമാന്‍ തുടങ്ങിയവരൊക്കെ തന്റെ സംഗീത യാത്രയില്‍ സ്വാധീനം ചെലുത്തിയവരാണെന്ന് അജ്മല്‍ നന്ദിയോടെ ഓര്‍ക്കുന്നു.
ഷംനയാണ് ഭാര്യ. സൈന്‍ ഹംദ്,സമ സെറിന്‍ എന്നിവര്‍ മക്കളാണ് .


