വിശ്വാസികള്‍ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരാകണം: വി. ടി. അബ്ദുല്ലക്കോയ തങ്ങള്‍

ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക , വിദ്യഭ്യാസ , പ്രവാസിക്ഷേമ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി
(സി ഐ സി ) ഖത്തറിന്റെ പുതിയ പ്രവര്‍ത്തന കാലയളവിലെ ആദ്യ പ്രവര്‍ത്തക സംഗമം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീറും ഇന്ത്യന്‍ ഇസ് ലാമിക് അസോസിയേഷന്‍ ഖത്തര്‍ മുന്‍ പ്രസിഡന്റും പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ വി. ടി. അബ്ദുല്ലക്കോയ തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. വിശ്വാസികള്‍ സമൂഹത്തിന്റെ മുന്‍നിരയില്‍ നിന്ന് നിലകൊള്ളുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്ലാമിന്റെ മനോഹാരിത പ്രതിനിധാനം ചെയ്യുകയും വേണമെന്ന് അദ്ദേഹം പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
ഇസ്ലാമിനെക്കുറിച്ചുള്ള അനുകൂല പൊതുബോധ നിര്‍മിതിക്കു വേണ്ടി പ്രവര്‍ത്തകര്‍ നിരന്തരം ഇടപെടണമെന്നും, സ്‌നേഹവും കാരുണ്യവും സമൂഹത്തില്‍ സജീവമായി പ്രചരിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടും ലിബറലിസം ഉള്‍പ്പെടെയുള്ള ആധുനിക ആശയവിപത്തുകളെ ആശയപരമായും പ്രായോഗികമായും അഭിമുഖീകരിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി ഐ സി ഖത്തര്‍ പ്രസിഡന്റ് ആര്‍.എസ്. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു . സംഘടനയുടെ പുതിയ പ്രവര്‍ത്തനപദ്ധതികളും ലക്ഷ്യങ്ങളും അവതരിപ്പിച്ചു. സംഘടന മുന്നോട്ട് വെക്കുന്ന വിവിധ സാമൂഹിക-സേവന പരിപാടികള്‍ കൂടുതല്‍ ജനകീയമാക്കാന്‍ പ്രവര്‍ത്തകരുടെ ഐക്യവും സമര്‍പ്പണവുമാണ് പ്രധാനശക്തിയെന്നു അദ്ദേഹം വ്യക്തമാക്കി.
വിമണ്‍ ഇന്ത്യ പ്രസിഡന്റ് എം. നസീമ, യൂത്ത് ഫോറം പ്രസിഡന്റ് എം. ഐ. അസ്ലം തൗഫീഖ്, വൈസ് പ്രസിഡന്റ് റഹീം ഓമശ്ശേരി, , സെക്രട്ടറി മുഹമ്മദ് റാഫി, കേന്ദ്ര സമിതി അംഗം സാദിഖ് ചെന്നാടന്‍ എന്നിവര്‍ സംസാരിച്ചു
ജനറല്‍ സെക്രട്ടറി അര്‍ഷദ് ഇ സ്വാഗതവും വൈസ് പ്രസിഡന്റ് കെ ടി മുബാറക് സമാപനവും നിവഹിച്ചു

