ഖത്തര്‍ എയര്‍വേയ്സ് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുത്തു തുടങ്ങി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വ്യോമയാന മേഖലയിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് പിരിച്ചുവിട്ട ജീവനക്കാരെ ഖത്തര്‍ എയര്‍വേയ്സ് തിരിച്ചെടുത്തു തുടങ്ങിയതായി റിപ്പോര്‍ട്ട്. കോവിഡ് കാരണം പ്രതിസന്ധിയിലായ ഏവിയേഷന്‍ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും പിരിച്ചു വിട്ട പൈലറ്റുമാരെയും ക്യാബിന് ജീവനക്കാരെയും വീണ്ടും നിയമിക്കാന്‍ തുടങ്ങിയതായും ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു. സിമ്പിള്‍ ഫ്ളയിംഗ്് വെബ്സൈറ്റിന്റെ വെബിനാറിലാണ് അല്‍ ബാക്കര്‍ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.
വ്യോമയാന മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും പ്രതീക്ഷയോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എയര്‍ലൈന്‍ ഇന്ഡസ്ട്രിയിലെ ഏറ്റവും നൂതനമായ ടെക്നോളജിയിലും സൗകര്യങ്ങളിലാണ് ഖത്തര്‍ എയര്‍വേയ്സ് കൂടുതലായും നിക്ഷേപിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച ട്രാവല്‍ അനുഭവം സമ്മാനിക്കുന്ന സംവിധാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്സിനെ സവിശേഷമാക്കും.
കോവിഡ് ഏവിയേഷന്‍ മേഖലയെ തകര്‍ത്തപ്പോള്‍ ഞങ്ങള്‍ക്ക് പല ജീവനക്കാരെയും പിരിച്ചുവിടേണ്ടി വന്നു. വളരെ ദു:ഖത്തോടെയാണ് ഞങ്ങള്‍ അത് ചെയ്തത്. പ്രതിസന്ധി തരണം ചെയ്താല്‍ സാധ്യമാകുന്നവരെയൊക്കെ തിരികെവിളിക്കുമെന്ന് അന്ന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. ഇപ്പോള്‍ അതിന് സാധിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്, അദ്ദേഹം പറഞ്ഞു.
പിരിച്ചുവിട്ട പല ജീവനക്കാരും വീണ്ടും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജോലിയിച്ച് തിരിച്ചുകയറാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഒരു മലയാളി പൈലറ്റ് പറഞ്ഞു. ജീവനക്കാരോടുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ സ്നേഹവും പരിഗണനയും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് മിക്ക വിമാനകമ്പനികളും സേവനം പരിമിതപ്പെടുത്തിയപ്പോള്‍ ഖത്തര്‍ എയര്‍വേയ്സാണ് ലോകത്തിന്റെ രക്ഷക്കെത്തിയതെന്നും 38 ലക്ഷം യാത്രക്കാരാണ് ഖത്തര്‍ എയര്വേയ്സില് പറന്നതെന്നും ഗ്രൂപ്പ് സി.ഇ.ഒ. അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു. ലോകത്ത് ലഭ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും സ്വീകരിച്ചാണ് സേവന രംഗത്ത് ഖത്തര്‍ എയര്‍വേയ്സ് ജൈത്രയാത്ര തുടരുന്നത്. ലോകത്തെ ഏറ്റവും വലിയ വിമാനകമ്പനിയെന്ന നിലക്ക് മഹാമാരിയുടെ സമയത്ത് ലക്ഷക്കണക്കിനാളുകളെ നാടണയുവാന്‍ സഹായിക്കുവാനും ഖത്തര്‍ എയര്‍വേയ്സിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു.
വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയെന്നതാണ് ഖത്തര്‍ എയര്‍വേയ്സിന്റെ രീതി. കോവിഡ് മഹാമാരിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ലക്ഷക്കണക്കിനാളുകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാടണയാന്‍ സഹായകമായത്. ധാരാളം കാര്‍ഗോയും ഖത്തര്‍ എയര്‍വേയ്സ് കൈകാര്യം ചെയ്തു.
വ്യോമഗതാഗത രംഗത്ത് പ്രതീക്ഷ പകര്‍ന്ന് 140 കേന്ദ്രങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ് വേനല്‍കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തിലേറെയായി യാത്ര ചെയ്യാനാവാതിരുന്ന നിരവധി പ്രവാസികളെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണിത്്. കോവിഡ് മഹാമാരി വിട്ടുമാറിയിട്ടില്ലെങ്കിലും സുരക്ഷിതമായ വാക്സിനുകള്‍ ലഭ്യമായത് യാത്രയുടെ പശ്ചാത്തലമൊരുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഉറ്റവരേയും ഉടയവരേയും കാണാനാവാതെ മാനസിക സംഘര്‍ഷങ്ങളില്‍ കഴിയുന്ന പതിനായിരങ്ങളുടെ മനസില്‍ കുളിര്‍മഴ പെയ്യിക്കുന്ന പ്രഖ്യാപനമാണിത്.
വിശ്വസനീയമായ ആഗോള കണക്റ്റിവിറ്റി നല്കുന്ന മുന്‍നിര അന്താരാഷ്ട്ര കാരിയര്‍ എന്ന സ്ഥാനം നിലനിര്‍ത്തിയ ഖത്തര്‍ എയര്‍വേയ്സ് മഹാമാരിയുടെ കാലത്ത് മികച്ച സേവനമാണ് ചെയ്തത്. സുരക്ഷ, പുതുമ, ഉപഭോക്തൃ അനുഭവം എന്നിവയില്‍ ലോകത്തെ മുന്‍നിര എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്സ് പഞ്ചനക്ഷത്ര പദവി നിലനിര്‍ത്തിയാണ് ജൈത്രയാത്ര തുടരുന്നത്. വ്യോമയാന രംഗത്ത് അള്‍ട്രാ വൈലറ്റ് അണുനശീകരണ സംവിധാനം, യു.വി. റോബോട്ട്, ടച്ച് ഫ്രീ ചെക്കിന് തുടങ്ങി വൈവിധ്യമാര്‍ന്ന സംവിധാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്സ് നടപ്പാക്കിയത്. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഖത്തര്‍ എയര്‍വേയ്സ് എന്നും പ്രാധാന്യം നല്‍കുന്നത്.
ഖത്തര്‍ എയര്‍വേയ്സ് ജീവനക്കാര്‍ 95 ശതമാനത്തിലധികവും വാക്സിനേഷന് പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രതിദിനം ആയിരത്തിലധികം ഖത്തര്‍ എയര്‍വേയ്സ് ജീവനക്കാരാണ് ഖത്തര്‍ എയര്‍വേയ്സിന്റെ ക്ളിനിക്കില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയത്. ജീവനക്കാരുടെ വാക്സിനേഷന് പൂര്‍ത്തിയാക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് ക്ളിനിക്കുകളില്‍ വാക്സിനേഷന് സൗകര്യമൊരുക്കും.