Uncategorized

യാത്രക്കാരുടെ സുരക്ഷാ ആശങ്കകള്‍ ദൂരീകരിക്കണം. ഗപാഖ് സെമിനാര്‍

അഫ്‌സല്‍ കിളയില്‍ : –

ദോഹ : കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് അപകട റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളിലെ പോരായ്മകള്‍ അതീവ ഗുരുതരമായി കാണുന്നുവെന്നും പ്രവാസികള്‍ അടക്കമുള്ള യാത്രക്കാരുടെ ആശങ്ക തീര്‍ക്കാനാവശ്യമായ ഫലപ്രദമായ നടപടികള്‍ എത്രയും വേഗം കൈകൊള്ളണമെന്ന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ (ഗപാഖ് ) സംഘടിപ്പിച്ച ‘കരിപ്പൂര്‍ വിമാന അപകട റിപ്പോര്‍ട്ട്: സത്യവും മിഥ്യയും ‘ എന്ന സെമിനാറില്‍ സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച, കനത്ത മഴയില്‍ വിമാനത്തിന്റെ വൈപ്പര്‍ ശരിയായി പ്രവര്‍ത്തിക്കാതിരgന്നിട്ടും മറ്റു എയര്‍പ്പോര്‍ട്ടുകളിലേക്ക് വിമാനം വഴിതിരിച്ച് വിടാന്‍ സന്നദ്ധമാവാത്തത്, എയര്‍ പോര്‍ട്ടിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങളുടെ കൃത്യമായ പ്രവര്‍ത്തനക്ഷമതയില്ലായ്മ, അപകടസമയത്ത് കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥന്റെ അഭാവം, മെയിന്റനന്‍സുകള്‍ കൃത്യമായ രേഖപ്പെടുത്തുന്നതിലെ വീഴ്ച, എയര്‍പ്പോര്‍ട്ടില്‍ മതിയായ ആതുര സേവനത്തിന്റെ അഭാവം, എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ഇതിനും പുറമെ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ 26 സഹപൈലറ്റ്മാര്‍ക്ക് ഒരു മുഖ്യ പൈലറ്റ് മാത്രമാണെന്നും എന്നാല്‍ സര്‍വ്വീസുകള്‍ കുറഞ്ഞ മറ്റു സെക്ടറുകളില്‍ ആവശ്യത്തിലും എത്രയോ പൈലറ്റുമാര്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത് ഏറെ ശ്രദ്ധിക്കേണ്ടതാണെന്നും അമിത ജോലിഭാരം സുരക്ഷിത യാത്ര ഒരുക്കുന്നതില്‍ ജീവനക്കാര്‍ക്ക് പ്രയാസമായിരിക്കുമെന്നും യോഗം വിലയിരുത്തി.

അപകടകാരണം എയര്‍പോര്‍ട്ടിന്റെ ഘടന ടേബിള്‍ ടോപ്പ് ആണെന്ന മുന്‍ വിധിയോടെയുള്ള തല്‍പരകക്ഷികളുടെ പ്രചാരണത്തിന്റെ മുനയൊടിക്കുന്ന റിപ്പോര്‍ട്ട് കൂടെയാണിതെന്നും റിപ്പോര്‍ട്ടില്‍ ഒരിടത്തും എയര്‍പ്പോര്‍ട്ടിന്റെ ഘടനയെക്കുറിച്ച് മോശമായ ഒരു പരാമര്‍ശവും ഇല്ലെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. പ്രതികൂല കാലാവസ്ഥയിലും നാട്ടുകാരുടെ കൃത്യസമയത്തെ ഇടപെടല്‍ അപകടത്തിന്റെ ആഘാതം കുറക്കുകയും 59 പേര്‍ക്ക് യാതൊരു പരിക്കും കൂടാതെ രക്ഷപ്പെടനായതും ഏറെ ശുഭോദര്‍ക്കമാണ്. അപകടത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാംഭിക്കാന്‍ ഇനിയും സാധിക്കില്ലെന്ന നിലപാട് തിരുത്താന്‍ വ്യോമയാന മന്ത്രാലയം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേകിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മറ്റു വസ്തുതകളും സത്വര നടപടികളിലൂടെ നേടിയെടുക്കാന്‍ വിഷയം സര്‍ക്കാറുകള്‍, ജനപ്രതികള്‍ എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും റിപ്പോര്‍ട്ടിനെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം നല്‍കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ്് കെ.കെ. ഉസ്മാന്‍ അദ്ധ്യക്ഷം വഹിച്ചു. ജന.സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതവും ഓര്‍ഗ.സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയാവതരണവും നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, എസ്.എ.എം. ബഷീര്‍ (കെ.എം.സി.സി), ഷമീര്‍ ഏറാമല (ഇന്‍കാസ് ) ശാഹിദ് ഓമശ്ശേരി (കള്‍ച്ചറല്‍ ഫോറം) മശ്ഹൂദ് തിരുത്തിയാട് (ഡോം ഖത്തര്‍) സമീല്‍ അബ്ദുല്‍ വാഹിദ് (ചാലിയാര്‍ ദോഹ) വാസു വാണിമേല്‍ (കെ.പി.എ.ക്യു) സിറാജ് ചിറ്റാറില്‍ (ഫോക്ക്) വിപിന്‍ ദാസ് ( വിശ്വ കലാവേദി) അമീന്‍ കൊടിയത്തൂര്‍ (കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറം) ലത്തീഫ് എം.പി ( വെളിച്ചം വെളിയം കോട്) അബ്ദുല്‍ കബീര്‍ (ജി.കെ.പി.എ.) അഫ്‌സല്‍ അബ്ദുല്‍ റഹ്‌മാന്‍ (വിവ വടകര) സുഹൈല്‍ ( വാഖ് ) മുസ്തഫ എലത്തൂര്‍ ,എ ആര്‍ ഗഫൂര്‍, അന്‍വര്‍ സാദത്ത്, അന്‍വര്‍ ബാബു വടകര, അന്‍ശദ് ഇബ്രാഹീം തുടങ്ങിയവര്‍ സംസാരിച്ചു. ഗഫൂര്‍ കോഴിക്കോട് ചര്‍ച്ചാ ക്രോഡീകരണവും അര്‍ളയില്‍ അഹമ്മദ് കുട്ടി നന്ദി പ്രകാശനവും നടത്തി.

Related Articles

Back to top button
error: Content is protected !!