ഖത്തറില്‍ ഞായറാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഒക്ടോബര്‍ 3 ഞായറാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. ഓരോ സ്ക്കൂള് ബില്‍ഡിംഗിനും അനുവദിച്ചത്ര വിദ്യാര്‍ഥികള്‍ക്ക് സ്ക്കൂളില്‍ വരാം. രാജ്യത്തെ മുഴുവന്‍ സ്കൂളുകളും കിന്‍ഡര്‍ ഗാര്‍ട്ടനുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച മുതല്‍ നൂറ് ശതമാനം കുട്ടികളോട് കൂടി പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അതേസമയം കോവിഡ് മുന്‍കരുതലുകള്‍ കണിശമായി പാലിക്കണമെന്നും എല്ലാ സമയത്തും വിദ്യാര്‍ഥികള്‍ തമ്മില്‍ ഒരു മീറ്ററെങ്കിലും ദൂരം പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
ഓഫീസുകളിലും സ്റ്റാഫ് റൂമുകളിലും സാമൂഹിക അകലം നിര്‍ബന്ധമാകും.
സ്കൂളുകളില്‍ എല്ലാവരും മാസ്ക് ധരിക്കണം.ബസ്സുകള്‍ 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.ശുചിത്വ നിയമങ്ങള്‍ പാലിക്കണം. സാനിറ്റൈസറുകളും കൈകഴുകുന്നതിനുള്ള സൗകര്യവുമൊരുക്കുന്നതോടൊപ്പം പ്രതലങ്ങള്‍ നിത്യവും അണുമുക്തമാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
വാക്സിനേഷന് പൂര്‍ത്തീകരിക്കാത്ത 12 വയസിന് മീതെയുള്ള വിദ്യാര്‍ഥികളും ജീവനക്കാരും ആഴ്ച തോറും ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നും മന്ത്രാലയം നിര്‍ദേശത്തില്‍ പറയുന്നു