ആഭ്യന്തരം മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പിരിയഡില്‍ ട്രാവല്‍ പെര്‍മിറ്റ് ലഭിക്കുന്നവര്‍ 10 ദിവസത്തിനകം രാജ്യം വിടണം
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനായി ആഭ്യന്തരം മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പിരിയഡില്‍ ട്രാവല്‍ പെര്‍മിറ്റ് ലഭിക്കുന്നവര്‍ 10 ദിവസത്തിനകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യാത്രാ പെര്‍മിറ്റ് നല്കുന്ന തീയതി മുതല്‍ പരമാവധി പത്ത് ദിവസമാണ് രാജ്യത്ത് കഴിയാനാവുക.
2021 ഒക്ടോബര്‍ 10 മുതല്‍ 2022 മാര്‍ച്ച് 31 വരെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പിരിയഡ് കാലയളവില്‍ രാജ്യം വിടുന്ന 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് യാതൊരു വിധ ബാനും ഉണ്ടാവുകയില്ലെന്നും വിസ ലഭിച്ചാല്‍ ഖത്തറിലേക്ക് തിരിച്ചുവരാമെന്നും മന്ത്രാലയം വെളിപ്പെടുത്തി. നിയമ ലംഘനത്തിന്റെ സ്വഭാവം പരിഗണിക്കാതെ തന്നെ നിയമപരമായ എല്ലാ പത്യാഘാതങ്ങളില് നിന്നും അവരെ ഒഴിവാക്കിയിരിക്കുന്നു.
മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടുമായി ചേര്‍ന്ന് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് മന്ത്രാലയം ഇന്ന് ഈ വിവരം പങ്കുവെച്ചത്. വിവിധ കമ്മ്യൂണിറ്റികളില്‍ നിന്നും കമ്പനികളില്‍ നിന്നുമായി 100-ലധികം ആളുകള്‍ വെബിനാറില്‍ പങ്കെടുത്തു.