അടുത്ത ആഴ്ച മുതല്‍ വാക്‌സിനെടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മാത്രം ആന്റിജന്‍ ടെസ്റ്റ്
അമാനുല്ല വടക്കാങ്ങര
ദോഹ: അടുത്ത ആഴ്ച മുതല്‍ വാക്‌സിനെടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മാത്രം ആന്റിജന്‍ ടെസ്റ്റ് മതിയായേക്കുമെന്ന് കൊവിഡ്-19 സംബന്ധിച്ച നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സാംക്രമിക രോഗങ്ങളുടെ തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ സൂചിപ്പിച്ചു. ഖത്തര്‍ റേഡിയോയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഈ വിഷയത്തില്‍ താമസിയാതെ നിലപാടെടുക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരമില്ലാത്തതിനാല്‍ 5 – 11 വയസുവരെയുള്ള കുട്ടികള്‍ എത്രയും വേഗം വാക്‌സിനെടുക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗത്തില്‍ ധാരാളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. വാക്‌സിനേഷനിലൂടെ കോവിഡ് സങ്കീര്‍ണതകള്‍ ലഘൂകരിക്കാനാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.