Breaking News

3-2-1 ഖത്തര്‍ ഒളിമ്പിക്സ് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം രാജ്യത്തിന് സമര്‍പ്പിച്ചു

റഷാദ് മുബാറക്

ദോഹ . ഒളിമ്പിക് മ്യൂസിയം നെറ്റ്വര്‍ക്കിലെ ഏറ്റവും പുതിയ അംഗവും സ്പോര്‍ട്സിനായി സമര്‍പ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനവും സാങ്കേതികമായി പുരോഗമിച്ചതുമായ മ്യൂസിയങ്ങളില്‍ ഒന്നുമായ 3-2-1 ഖത്തര്‍ ഒളിമ്പിക്സ് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം രാജ്യത്തിന് സമര്‍പ്പിച്ചു. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 3-2-1 ഖത്തര്‍ ഒളിമ്പിക്സ് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയത്തിന്റെ ഉദ്ഘാടനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യുടെ രക്ഷാകര്‍തൃത്വത്തിലാണ് നടന്നത്.


മ്യൂസിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമീര്‍ പര്യടനം നടത്തിയ അമീര്‍ , ഖത്തര്‍ അത്ലറ്റുകള്‍, ഖത്തറിലെ ഒളിമ്പിക് ഗെയിംസിന്റെ ചരിത്രം, അറബികള്‍ക്കിടയിലെ കായിക സംസ്‌കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍, മ്യൂസിയം എക്സിബിറ്റുകള്‍, തുടങ്ങിയവയെക്കുറിച്ച വിശദീകരണം ശ്രദ്ധിച്ചു.


ഉദ്ഘാടനച്ചടങ്ങില്‍ കുട്ടികളുടെ ഗായകസംഘം ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ പ്രകടനവും ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് അല്‍താനിയുടെ പ്രസംഗവും ഉണ്ടായിരുന്നു.


ടോക്കിയോ 2020 ഒളിമ്പിക് ഗെയിംസിലെ ഹൈജമ്പ് ചാമ്പ്യന്‍മാരായ ദേശീയ അത്ലറ്റ് മുതാസ് എസ്സ ബര്‍ഷിമിനെയും ഇറ്റാലിയന്‍ അത്ലറ്റ് ജിയാന്‍മാര്‍ക്കോ തംബെരിയെയും അമീര്‍ ആദരിച്ചു.

ചടങ്ങില്‍ അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ഷെയ്ഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് അല്‍താനി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍താനി , അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ഡോ. തോമസ് ബാച്ച്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ,  ശൈഖുമാര്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, കായിക പ്രതിഭകള്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.


‘സ്പോര്‍ട്സിലെ നേട്ടങ്ങള്‍ക്കും സമൂഹത്തിലും നമ്മുടെ വ്യക്തിജീവിതത്തിലും സ്പോര്‍ട്സിന്റെ അഗാധമായ പങ്ക് പര്യവേക്ഷണം ചെയ്യുന്നതിനായി സമര്‍പ്പിക്കപ്പെട്ട മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ മ്യൂസിയമാണിതെന്നും അന്താരാഷ്ട്ര ഒളിമ്പിക് മ്യൂസിയം നെറ്റ്വര്‍ക്കില്‍ ചേരുന്ന ഒരേയൊരു അറബ് സ്ഥാപനമാണിതെന്നും ചടങ്ങില്‍ സംസാരിച്ച ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് അല്‍താനി പറഞ്ഞു. ലോകമെമ്പാടുമുള്ള കായിക ചരിത്രത്തിലൂടെയും ഒളിമ്പിക് ഗെയിമുകളിലൂടെയും അവിസ്മരണീയവും പ്രചോദനാത്മകവുമായ സംവേദനാത്മക യാത്ര വാഗ്ദാനം ചെയ്യുന്ന ഈ മ്യൂസിയം കായിക പ്രേമികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുക.

സ്പാനിഷ് വാസ്തുശില്പിയായ ജോവാന്‍ സിബിന രൂപകല്‍പ്പന ചെയ്ത ഈ മ്യൂസിയം ഏകദേശം 19,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു, ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ ഭാഗമായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!