ജിസിസി റെയില്‍വേ ഗള്‍ഫിലുടനീളം വ്യാപാരവും കണക്റ്റിവിറ്റിയും വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ദീര്‍ഘകാലമായി കാത്തിരിക്കുന്ന ജിസിസി റെയില്‍വേ സാക്ഷാല്‍ക്കരിക്കപ്പെടുന്നത് ഗള്‍ഫിലുടനീളമുള്ള വ്യാപാരത്തെയും കണക്റ്റിവിറ്റിയെയും മാറ്റിമറിക്കുമെന്ന് ഓക്സ്ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് റിപ്പോര്‍ട്ട്.
പദ്ധതിയുടെ ഏകോപനത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബോഡിയായ ജിസിസി റെയില്‍വേ അതോറിറ്റി സ്ഥാപിക്കുന്നതിന് ആറ് ജിസിസി രാജ്യങ്ങളിലെ നേതാക്കള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അംഗീകാരം നല്‍കിയതോടെ പദ്ധതിക്ക് കാര്യമായ ഉത്തേജനം ലഭിച്ചതായി ഓക്സ്ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് അതിന്റെ വെബ്സൈറ്റില്‍ സ്ഥിരീകരിച്ചു.
ആറ് ജിസിസി രാജ്യങ്ങളെയും 2177 കിലോമീറ്റര്‍ റെയില്‍വേ വഴി ബന്ധിപ്പിക്കാനാണ് നിര്‍ദ്ദിഷ്ട പദ്ധതി ലക്ഷ്യമിടുന്നത്. വടക്ക് കുവൈറ്റ് സിറ്റിയില്‍ നിന്ന് ആരംഭിക്കുന്ന റെയില്‍ ലൈന്‍ സൗദി അറേബ്യയിലെ തീരദേശ നഗരങ്ങളായ ജുബൈല്‍, ദമാം എന്നിവയിലൂടെ കടന്നുപോകുന്നതിന് മുമ്പ് ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലൂടെയും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലൂടെയും പോകും. പിന്നീട് സൗദി വഴി യു.എ.ഇ.യിലേക്ക് പോകുന്ന റെയില്‍വേ പ്രധാന നഗരങ്ങളായ അബുദാബി, ദുബായ്, ഫുജൈറ എന്നിവയിലൂടെ കടന്നുപോകുകയും ഒമാന്‍ തലസ്ഥാനമായ മസ്കറ്റിലെ ടെര്‍മിനല്‍ സ്റ്റേഷനില്‍ എത്തുകയും ചെയ്യുമെന്നതാണ് പ്ളാന്‍. റിപ്പോര്‍ട്ട് പറയുന്നു.
പ്രധാന ജിസിസി നഗരങ്ങളും തുറമുഖങ്ങളും തമ്മിലുള്ള ഗതാഗത സമയവും ചെലവും കുറയ്ക്കാനും മേഖലയിലുടനീളം വ്യാപാര പ്രവാഹം മെച്ചപ്പെടുത്താനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഈ പദ്ധതി സഹായകമാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.